ദോഹ ∙ കത്താറയിലെ കാഴ്ചക്കാരുടെ മനം കവർന്ന് ഇന്ത്യയുടെ ‘ബോളിവുഡ് പെർഫോർമൻസ്’. എഎഫ്സി ഏഷ്യൻ കപ്പിനോട് അനുബന്ധിച്ച് കത്താറയിൽ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ ബോളിവുഡ് പെർഫോർമൻസ് അരങ്ങേറിയത്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ അവതരണത്തിലുടനീളം ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് പ്രതിഫലിച്ചത്.
കേരളത്തിന്റെ ചെണ്ടമേളം വേദിയിലെത്തിയപ്പോൾ കേരളത്തിന്റെ തനത് വേഷമായ മുണ്ടും ഷർട്ടും ധരിച്ചെത്തിയ കലാകാരന്മാരും മുത്തുകുടകളേന്തി സാരി ധരിച്ചെത്തിയ വനിതകളും വിവിധ രാജ്യക്കാരായ കാണികൾക്ക് വിസ്മയമായി. വർണങ്ങൾ നിറഞ്ഞ വേഷവിധാനത്തിലെത്തിയ മറാത്തി ഡോൽ താഷയും രാജസ്ഥാനി നാടോടി നൃത്തവുമെല്ലാം ആസ്വാദകരുടെ കയ്യടി നേടിയാണ് അവസാനിച്ചത്.
ദോഹയിലെ വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുടെ കൂട്ടായ്മകളിലെ കലാകാരന്മാരും കലാകാരികളുമാണ് കത്താറയിലെ കാഴ്ചക്കാർക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മികച്ച കാഴ്ചവിരുന്ന് നൽകിയത്. ലുസെയ്ൽ ബൗളെവാർഡിലെ ഏഷ്യൻ കപ്പ് ആഘോഷമായ ഹലോ ഏഷ്യ ഫെസ്റ്റിവലിലെ ഇന്ത്യൻ പവിലിയനിലും ദിവസേന വൈവിധ്യമായ പരിപാടികളാണ് ഇന്ത്യൻ കമ്യൂണിറ്റി അവതരിപ്പിക്കുന്നത്.
ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. ഫെബ്രുവരി 9 വരെ ഇന്ത്യയുടെ പവിലിയനിൽ ആസ്വദിക്കാൻ ഏറെ കാഴ്ചകളുണ്ടാകും. ഫെബ്രുവരി 10ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഏഷ്യൻ കപ്പ് ഫൈനൽ നടക്കുന്നതിനാൽ ബോളിവുഡിൽ ഹലോ ഏഷ്യ ഫെസ്റ്റിവൽ ഉണ്ടായിരിക്കില്ലെന്ന് ലുസെയ്ൽ സിറ്റി അധികൃതർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു