ദോഹ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഷോപ്പിങ് ആഘോഷങ്ങൾക്ക് തുടക്കമായി. ഫെബ്രുവരി രണ്ടു വരെയായി പത്തു ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ഗറാഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുല ശേഖരവുമായാണ് ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റിലുമായി ഇന്ത്യ ഉത്സവിന് തുടക്കം കുറിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലെ ആഴമേറിയ സൗഹൃദത്തിന്റെ അടയാളമായി കഴിഞ്ഞ 20 വർഷത്തിലേറെയായി തുടരുന്ന ഷോപ്പിങ്ഫെസ്റ്റിവലിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും ലുലു ഹൈപ്പർമാർക്കറ്റുകൾ ഇന്ത്യ ഉത്സവ് തുടങ്ങിയത്. ഉദ്ഘാടനച്ചടങ്ങിൽ ഖത്തരി ഉദ്യോഗസ്ഥർ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി, ഐ.ഡബ്ല്യു.എ തുടങ്ങിയ കമ്യൂണിറ്റി സംഘടനാ നേതാക്കളും പങ്കെടുത്തു.
ഇന്ത്യൻ ആഘോഷങ്ങളും കലാപരിപാടികളും ഒരുക്കി വർണാഭമായ ചടങ്ങുകളോടെയാണ് ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ബംഗാളി, രാജസ്ഥാൻ, കഥക്, ഒഡീസി തുടങ്ങിയ കലാരൂപങ്ങളും ദേശഭക്തിഗാനങ്ങളും അരങ്ങേറി. ‘ഇന്ത്യൻ സിൽക് ആൻഡ് എത്നിക് വെയർ ഫെസ്റ്റും’ അംബാസഡർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, രുചികരമായ പലഹാരങ്ങൾ, വസ്ത്രങ്ങൾ, ഉൽപന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളുമായാണ് ‘ഇന്ത്യ ഉത്സവ്’ തുടരുന്നത്. പ്രകൃതിദത്തവും സിന്തറ്റിക് സിൽക്കിന്റെയും ഉൾപ്പെടെ സാരികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഡ്രസ് മെറ്റീരിയലുകൾ എന്നിവയുടെ വിപുലമായ ശേഖരങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.
അരനൂറ്റാണ്ടിലേറെ നയതന്ത്ര സൗഹൃദമുള്ള ഇന്ത്യക്കും ഖത്തറിനുമിടയിൽ വാണിജ്യ മേഖലയിലെ നിർണായക സാന്നിധ്യമായ ലുലു ഗ്രൂപ്പിന്റെ സംഭാവനകളെ അംബാസഡർ അഭിനന്ദിച്ചു. രാജ്യത്തുനിന്നും ഉൽപന്നങ്ങൾ ഇറക്കുമതിചെയ്ത് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ വിപുലമായ ഉപഭോക്തൃ ഗ്രൂപ്പുകളിലേക്കെത്തിക്കുന്നതിൽ ലുലു ഗ്രൂപ് പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇന്ത്യയും ഖത്തറും തമ്മിലെ ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിയുമെന്നും വിശദീകരിച്ചു. രാജ്യം 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ വിവിധ മേഖലകളിൽ നേടിയ വിജയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തു ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിൽ 4000ത്തോളം ഉൽപന്നങ്ങളാണ് അണിനിരത്തുന്നത്. ലുലു പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങൾ, ഏറെ സ്വീകാര്യമായ നിത്യോപയോഗ വസ്തുകൾ, പഴം-പച്ചക്കറികൾ, പാക്കേജ് ഫുഡുകൾ, ഗാർഹിക ഉൽപന്നങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയും ലഭ്യമാണ്.
ഫെസ്റ്റിന്റെ ഭാഗമായി ആരോഗ്യകരമായ റാഗി ഉൽപന്നങ്ങളും ശേഖരവും സജ്ജീകരിച്ചിട്ടുണ്ട്. റാഗിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ, ധാന്യങ്ങൾ, ഹോട്ട് ഫുഡ്, സ്ട്രീറ്റ് ഫുഡ്, പരമ്പരാഗത മധുരങ്ങൾ എന്നിവയും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു