ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് പ്രീക്വാർട്ടർ ആവേശങ്ങളിലെത്തി നിൽക്കെ ആഗോള വിനോദസഞ്ചാര, വാണിജ്യ ഭൂപടത്തിൽ വീണ്ടും ശ്രദ്ധ നേടി ഖത്തർ. ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഭൂഖണ്ഡത്തിന് പുറത്തുനിന്നുമുള്ള ആരാധകരെത്തിയതോടെ ഖത്തറിലെ വിനോദസഞ്ചാര-വാണിജ്യ കേന്ദ്രങ്ങളിൽ തിരക്കേറി. വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളും മത്സരങ്ങളും ഖത്തർ തങ്ങളുടെ വിനോദസഞ്ചാര, വാണിജ്യ ആകർഷണങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് കണക്കാക്കുന്നത്.വൻകര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ആരാധകർ കൂടുതലും ഒത്തുകൂടുന്ന സ്ഥലങ്ങളിലൊന്നാണ് ദോഹയുടെ ഹൃദയഭാഗത്തെ പൈതൃക കേന്ദ്രമായ സൂഖ് വാഖിഫ്.
വ്യത്യസ്ത ടീമുകളുടെ ആരാധകർ വ്യത്യസ്ത പതാകകൾ വാനിലേക്കുയർത്തുകയും വിവിധ ഭാഷകളിൽ അവരുടെ ദേശീയ ഗീതങ്ങൾ ആലപിക്കുകയും ചെയ്യുമ്പോൾ വൈവിധ്യങ്ങളുടെ ചത്വരമായി സൂഖ് മാറി.പ്രാദേശിക പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലുള്ള പൈതൃകശേഷിപ്പ് ആരാധകരെ സ്വീകരിക്കാനായി ദിവസവും തുറന്നിടുകയാണെന്നും ദേശ, ഭാഷ, മത ഭേദമെന്യേ എല്ലാവരും ഇവിടെ ഒന്നാണെന്നും ഇറാഖി ചാനലായ അൽ ശർഖിയ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിലെ ഓരോ സ്ഥലവും മറ്റൊന്നിൽനിന്ന് വ്യത്യസ്തവും മനോഹരവുമാണെന്ന് അബൂദബി സ്പോർട്സ് ടി.വിയിലെ ദോഹ ഏഷ്യ പ്രോഗ്രാം അവതാരകൻ മുഹമ്മദ് അൽ അഹ്മദ് പറയുന്നു.
ഖത്തറിലെ പ്രമുഖ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരവും അതിന്റെ വിവരണവും ദോഹ ഏഷ്യ പരിപാടിയിലൂടെ അഹ്മദ് കാഴ്ചക്കാരിലെത്തിക്കുന്നു. വെസ്റ്റ്ബേ സ്കൈലൈൻ പശ്ചാത്തലമായി കടലിലേക്ക് തള്ളി നിൽക്കുന്ന ഇസ്ലാമിക് ആർട്ട് മ്യൂസിയം കാണാനും നിരവധി ആളുകളാണെത്തുന്നത്. കെയ്റോയിലെ അഹ്മദ് ബിൻ തുലൂൻ പള്ളിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. അറബ്, ഏഷ്യൻ, ആഗോള കായിക വിനോദങ്ങളുടെ തലസ്ഥാനമായ ഖത്തർ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പുതന്നെ വിജയിച്ചതായി ഒമാൻ പ്രാദേശിക ദിനപത്രമായ അൽ റുഅ്യ റിപ്പോർട്ട് ചെയ്യുന്നു. മികച്ച അന്തരീക്ഷവും അതിശയകരമായ സംഘാടനവും ഈ വിജയത്തിന് കാരണമായെന്ന് ഒമാനി സ്പോർട്സ് ജേണലിസ്റ്റ് മുഹമ്മദ് അൽ അൽയാൻ എഴുതി.
വിശാലവും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ, ആഢംബരവും ഐതിഹാസികവുമായ സ്റ്റേഡിയങ്ങൾ, ഹോട്ടലുകളുടെ വൈവിധ്യം, ഗതാഗത സൗകര്യങ്ങളുടെ ഉയർന്ന നിലവാരം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ശീതകാല ഫുട്ബാൾ അന്തരീക്ഷം, ഏഷ്യയിൽനിന്നും പുറത്തുനിന്നുമുള്ള ആരാധകരുടെ സാന്നിധ്യം എന്നിവയെല്ലാം അദ്ദേഹം തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ലണ്ടൻ, പാരിസ്, മഡ്രിഡ്, ബെർലിൻ, റോം, ലിസ്ബൺ, ബെയ്ജിങ്, ടോക്യോ തുടങ്ങിയ നഗരങ്ങളുമായി കായിക മത്സരങ്ങളുടെ സംഘാടനത്തിലും ആതിഥേയത്വത്തിലും മത്സരിക്കുന്ന രാജ്യമായി ദോഹയും ഖത്തറും മാറിയെന്നും അൽ അൽയാൻ ചൂണ്ടിക്കാട്ടി. 12 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും വിവിധ സ്റ്റേഡിയങ്ങളിലായി ഇതിനകം ആറ് ലക്ഷത്തിലധികം ആരാധകരെത്തിയതായും ഖത്തർ കായിക, യുവജനകാര്യ മന്ത്രിയും എ.എഫ്.സി ഏഷ്യൻ കപ്പ് 2023 സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു