കുവൈത്ത്സിറ്റി: ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ കുവൈത്ത് സ്വാഗതം ചെയ്തു. ഗസ്സയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് കോടതിയുടെ വിധിയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മൂന്ന് മാസത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെതിരെ സമ്മർദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുമായി മുന്നോട്ട് വന്ന ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ച കുവൈത്ത് ഗസ്സയിലേക്ക് കൂടുതല്‍ ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കാനും ആഹ്വാനം ചെയ്തു.
ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇടക്കാല വിധിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ചത്. ഈ മാസം 11, 12 തീയതികളിലാണ് വിചാരണ നടന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വിനാശകരമായ സൈനിക നടപടി അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ലോക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ ഇസ്രായേലിനോട് ഉത്തരവിടണമെന്നും ഹരജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, വെടിനിർത്തലിന് ഉത്തരവുണ്ടാകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു