ദുബൈ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെള്ളിയാഴ്ചത്തെ, ഗസ്സ യുദ്ധം സംബന്ധിച്ച പ്രാഥമിക വിധിയെ യു.എ.ഇ സ്വാഗതം ചെയ്തു. ഗസ്സയിലെ ജനങ്ങളെ വംശഹത്യ ചെയ്യുന്നത് തടയുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും മാനുഷിക സഹായമെത്തിക്കാൻ അനുവദിക്കണമെന്നുമാണ് യു.എന്നിലെ ഉന്നത കോടതി വിധിച്ചത്. ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന കേസിന്റെ ഏറ്റവും പ്രധാന ഭാഗമായ, ഗസ്സയിൽ വംശഹത്യ നടന്നോ എന്ന കാര്യത്തിൽ കോടതി വിധിതീർപ്പ് പറഞ്ഞിട്ടില്ലെങ്കിലും ഫലസ്തീൻ ജനതക്ക് വംശഹത്യയിൽ നിന്ന് സംരക്ഷിക്കപ്പെടാൻ അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് കോടതിയുടെ പ്രാഥമിക വിധിയെ സ്വാഗതം ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ ഇക്കാര്യത്തിലെ ഇടപെടലുകളെ പ്രശംസിച്ച പ്രസ്താവന, സിവിലിയൻ ജനതക്ക് സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിച്ച് ദ്വിരാഷ്ട്ര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും മാനുഷിക സഹായം കൂടുതലായി എത്തിക്കാൻ വഴിയൊരുക്കാനും യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു