കുവൈത്ത്സിറ്റി: ശിയാ വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ആക്രമിക്കാന് ലക്ഷ്യമിട്ട നീക്കം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അറബ് പൗരത്വമുള്ള മൂന്ന് പേരെ അറസ്റ്റു ചെയ്തു. ആഭ്യന്തര മന്ത്രാലയവും വിവിധ വകുപ്പുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. നിരോധിത ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവർ രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. ശിയാ ലക്ഷ്യങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ രാജ്യത്തേക്ക് കടന്നതെന്ന് പ്രോസിക്യൂഷൻ വാർത്തകുറിപ്പിൽ അറിയിച്ചു. ഇവർ ശിയാ ആരാധനാലയങ്ങൾ, ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ, ആരാധകരുടെ എണ്ണം എന്നിവയിൽ നിരീക്ഷണം നടത്തുകയും സ്ഫോടനം ആസൂത്രണം ചെയ്യുകയും ചെയ്തു. ഇതിനായുള്ള പരിശീലനം ആരംഭിച്ചിരുന്നതായും അറിയിച്ചു.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെ തുരങ്കം വെക്കാനും ദേശീയ താൽപര്യങ്ങൾ അപകടപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവർത്തിച്ച പ്രതികളെ പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. സ്ഫോടകവസ്തുക്കളുടെ നിർമാണം, ഗൂഢാലോചന, പരിശീലനം തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തി.
പ്രതികൾ കുറ്റം സമ്മതിച്ചതായും കേസിൽ അന്വേഷണം തുടരുകയാണെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നിരോധിത സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള രണ്ട് പൗരന്മാരെയും റിമാൻഡ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു