അബൂദബി: എമിറേറ്റിലെ മുസഫയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ആദ്യത്തെ ആശുപത്രി ഷാബിയ ഒമ്പതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അത്യാധുനിക സംവിധാനങ്ങളില്‍ 50 കിടക്കകള്‍ ഉള്‍പ്പെടുന്ന ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുകയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.ആര്. അനില്‍കുമാര്‍ അറിയിച്ചു. 20 കിടക്കകള്‍ നവജാത ശിശുക്കള്‍ക്കായി മാത്രം നീക്കിവെച്ചിട്ടുണ്ട്.
ജനറല്‍ പ്രാക്ടീസ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, നിയോനെറ്റോളജി, സൈക്യാട്രി, ഇ.എന്‍.ടി, കാര്‍ഡിയോളജി, ഡെന്റല്‍ തുടങ്ങിയ വിഭാഗങ്ങളിലും ചികിത്സ ലഭിക്കും. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും, ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും പ്രത്യേക പ്രസവ ചികിത്സക്ക് പ്രത്യേകം ആനുകൂല്യം ലഭിക്കും. ഗര്‍ഭധാരണത്തിന് മുമ്പ് ദമ്പതികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കും. എല്ലാ മാസവും രണ്ടാം ശനിയാഴ്ച സൗജന്യ ബോധവത്കരണ ക്ലാസ് ഉണ്ടാവും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണം, വേദനരഹിത ചികിത്സ തുടങ്ങിയവ സേവനങ്ങളും ആശുപത്രിയിലുണ്ട്. ആരോഗ്യ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഐഷ അല്ഖൂരിയാണ് ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റ് ഡോ. ഫാത്തിമ ഹാഷിം, ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ഗോമതി പൊന്നുസ്വാമി, കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. എല്‍സെയ്ദ് അയൂബ് റാഖ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു