ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിനായി ജിദ്ദയില് ദീർഘനാളായി സ്വന്തമായി വാങ്ങിയ സ്ഥലത്ത് കോൺസുലേറ്റ് കെട്ടിട നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് കോൺസൽ ജനറൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വലിയ ഓഡിറ്റോറിയം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ മദീന റോഡിന് സമീപത്തായി തുർക്കിയ കോൺസുലേറ്റിനടുത്തായാണ് പുതിയ കോൺസുലേറ്റ് കെട്ടിട സമുച്ചയം ഉണ്ടാക്കുന്നത്. ദീർഘനാളായി സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നുമുള്ള കോൺസൽ ജനറലിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ സമൂഹം വൻ കരഘോഷത്തോടെ സ്വീകരിച്ചു.
ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ തീർഥാടകർക്കുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് അറിയിച്ച കോൺസൽ ജനറൽ കഴിഞ്ഞ വർഷത്തെ ഹജ്ജ് സന്ദർഭത്തിൽ സഹായിച്ച വിവിധ ഹജ്ജ് വളൻറിയർമാരെയും നേതൃത്വം നൽകിയ സംഘടന നേതാക്കളെയുംഅഭിനന്ദിച്ചു. കഴിഞ്ഞ വർഷം സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി 2.7 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. അഞ്ച് കോടി രൂപ മരണാനന്തര നഷ്ടപരിഹാരമായി നൽകി. 57,000 പാസ്പോർട്ടുകളും 12,000 വിസകളും കഴിഞ്ഞ വർഷം കോൺസുലേറ്റ് വിതരണം ചെയ്തതായും കോൺസൽ ജനറൽ അറിയിച്ചു. സൗദി, ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം സാധിച്ചു.
സൗദി ബിസിനസ് പ്രതിനിധികളുടെ ഇന്ത്യ സന്ദർശനവും ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സൗദി സന്ദർശനവും നിരവധി ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടെ നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഇതാദ്യമായി സംഘടിപ്പിച്ച ഇന്ത്യ-സൗദി കൾച്ചറൽ ഫെസ്റ്റിവൽ എന്നും പരിപാടികളുമായി സഹകരിച്ച മുഴുവൻ സംഘടനകൾക്കും കോൺസൽ ജനറൽ നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു