ജിദ്ദ: ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിനെ തുടർന്നാണ് കോർണിഷിൽ കടൽ തിരമാലകൾ ഉയരുകയും കടൽത്തീരത്തേക്ക് വെള്ളം കയറുകയും ചെയ്തത്. രണ്ടര മീറ്ററിലധികം കടൽ തിരമാലകൾ ഉയർന്നതായാണ് റിപ്പോർട്ട്. ഹയ്യ് ശാത്വിഅ് രണ്ടിന് മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതൽ വെള്ളം കയറിയത്.
മുൻകരുതലായി ട്രാഫിക് വകുപ്പ് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് താൽകാലികമായി നിയന്ത്രണമേർപ്പെടുത്തി. കടൽ ശാന്തമായതോടെ ഫഖീഹ് അക്വേറിയം ഭാഗത്ത് നിന്ന് കിഴക്കോട്ട് ഗതാഗതം പുനസ്ഥാപിച്ചതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലെ ഫീൽഡ് ടീമുകൾ വൈള്ളം കയറിയ കോർണിഷിലെ ഭാഗത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽബുഖ്മി പറഞ്ഞു.
കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക് ആവശ്യപ്പെട്ടിരുന്നു. ചില മേലഖയിൽ കാലാവസ്ഥ മാറ്റമുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന് മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു