കൊച്ചി: ആഗോള തലത്തിൽ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് രൂപം നൽകുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആന്റ് കുലിനറി ഹെർബ്സിന്റെ ഏഴാമത് സമ്മേളനത്തിന് കൊച്ചി ആഥിത്യമരുളും. തിങ്കളാഴ്ച മുതൽ ഫെബ്രുവരി രണ്ട് വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിലാണ് ഈ രംഗത്തെ നിരവധി വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളും യോഗങ്ങളും നടക്കുന്നത്.
സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മ, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച ആഗോള മാനദണ്ഡങ്ങൾ നിശ്ചിയിക്കുന്ന സമിതിയുടെ നടത്തിപ്പ് ചുമതല ഇന്ത്യക്കാണ്. .പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സ്പൈസസ് ബോർഡ് സെക്രട്ടറിയേറ്റായും പ്രവർത്തിക്കുന്നു. ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കോഡെക്സ് അലിമെന്റേറിയസ് കമ്മീഷനു കീഴിലാണ് സിസിഎസ്എച്ച് പ്രവര്‍ത്തിക്കുന്നത്.
നിലവിൽ ഇന്ത്യ നേതൃത്വം നൽകുന്ന ഏക കോഡെക്സ് കമ്മോഡിറ്റി സമിതിയാണ് സിസിഎസ്എച്ച്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും സംയുക്തമായാണ് 1963 ൽ ഭക്ഷ്യ സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട വിപണനരീതികൾ അവലംബിക്കുന്നതിനുംവേണ്ടി അന്താരാഷ്ട്ര സ്ഥാപനമായ കോഡക്സ് എലിമെന്റാരിയസ് കമ്മീഷൻ ആരംഭിച്ചത്.
ഏഴാമത് സിസിഎസ്എച്ച് യോഗത്തിന് 44 രാജ്യങ്ങളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുക്കും. ഈ വർഷത്തെ സമ്മേളനം പ്രധാനമായും ആറ് സുഗന്ധ വ്യജ്ഞനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അന്തിമ രൂപം നൽകും. സര്‍വ്വസുഗന്ധി, തക്കോലം, വാനില, മഞ്ഞൾ, ഏലം, ജൂണിപ്പഴം (ജൂണിപ്പര്‍ ബെറി) എന്നീ ആറു സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് വിവിധ ഘട്ടങ്ങളിലായുള്ള ചർച്ചകളിലൂടെ നിശ്ചിക്കുക.
സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനം, കയറ്റുമതി, ഉപഭോഗം എന്നിവയിൽ ലോകത്ത് മുന്നിൽ നിൽക്കുന്ന രാജ്യമെന്ന നിലയിൽ സിസിഎച്എസ് നേതൃപദവി ഈ രംഗത്തെ ഇന്ത്യയുടെ മേല്‍ക്കൈ അടിവരയിടുന്നതാണ്. സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണനിലവാരവും ന്യായ വ്യാപാര നയങ്ങളും രൂപീകരിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക