പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ഡ്രോണ്‍ വളപ്രയോഗത്തിന് തുടക്കം

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന് തുടക്കമായി. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പാര്യകാടന്‍ പാടശേഖരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് നിര്‍വഹിച്ചു.

മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ‘സമ്പൂര്‍ണ്ണ’ എന്ന സൂക്ഷ്മ മൂലക മിശ്രിതമാണ് പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്. നെല്‍ച്ചെടികളുടെ ഇലകളിലേക്ക് സൂക്ഷ്മ മൂലകങ്ങള്‍ നേരിട്ട് നല്‍കുന്നതാണ് രീതി. സൂക്ഷ്മ മൂലകങ്ങള്‍ നല്‍കുന്നതിലൂടെ ചെടികള്‍ക്ക് കൂടുതല്‍ രോഗപ്രതിരോധശേഷി ലഭിക്കും. കൊയ്യുന്ന സമയത്ത് പതിരു കുറഞ്ഞിരിക്കുന്നതിനും നെല്‍മണികള്‍ക്ക് തൂക്കം കൂടുതല്‍ ലഭിക്കുന്നതിനും ഇത് സഹായകരമാകും.

ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ആന്റണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, സുലഭാ ഷാജി, കൃഷി ഓഫീസര്‍ നീരജ, പാര്യകാടന്‍ പാടശേഖര സെക്രട്ടറി പി. മധുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക