മെൽബൺ: വെറ്ററൻ കരുത്തിന്റെ അനുഭവമികവിനു മുന്നിൽ അവസാന അങ്കങ്ങളിൽ വീണുപോകുന്ന പതിവ് ഇത്തവണ ആസ്ട്രേലിയൻ ഓപണിൽ സംഭവിച്ചില്ല. 25ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന സമാനതകളില്ലാത്ത റെക്കോഡിനരികെ കളി കാര്യമാക്കാനെത്തിയ 36കാരൻ ദ്യോകോയെ മുട്ടുകുത്തിച്ച് ഇറ്റാലിയൻ താരം ജാനിക് സിന്നർ കലാശപ്പോരിന്. 2018നുശേഷം ഇതുവരെയും തോൽവിയറിയാത്ത കളിമുറ്റത്ത് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു പുരുഷ സിംഗ്ൾസ് സെമി ഫൈനലിൽ സെർബിയൻ സൂപർ താരത്തിന് തോൽവി.
Read also: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഏഷ്യൻ കപ്പിൽ ഇന്ന് മുതൽ അങ്കം മുറുകും
യുവതാരങ്ങൾ വീറോടെ പൊരുതിയ രണ്ടാം സെമിയിൽ രണ്ടു സെറ്റ് പിറകിൽനിന്ന ശേഷം തിരിച്ചെത്തിയ റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ് അലക്സാണ്ടർ 5-7, 3-6, 7-6 (4), 7-6 (5), 6-3ന് സ്വരേവിനെ വീഴ്ത്തി കലാശപ്പോരിലെ രണ്ടാം താരമായി. സിന്നർ- മെദ്വദേവ് ഫൈനൽ ഇന്ന് നടക്കും.
ദ്യോകോവിച് ഫൈനലിന് ഒരു ചുവട് അരികെ മടങ്ങിയതോടെ ഇത്തവണ ആസ്ട്രേലിയൻ ഓപണിൽ പുതിയ ചാമ്പ്യന്റെ പിറവിയാകും. മെദ്വദേവ് 2021ലും 2022ലും ഇതേ കോർട്ടിൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ ദ്യോകോവിച്ചിനോടും പിന്നീട് റാഫേൽ നദാലിനോടും തോൽവി നേരിടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ