ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ല കലക്ടര്‍ ജോണ്‍ വി. സാമുവല്‍. പഞ്ചിംഗ് യന്ത്രങ്ങള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നും ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കായംകുളം മണ്ഡലത്തില്‍ ദേശീയപാതയിലൂടെ യാത്ര അതീവ ദുഷ്കരണമാണെന്നും എത്രയും വേഗം കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും യു. പ്രതിഭ എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി ഉറപ്പുനല്‍കി. കായംകുളത്ത് വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ച പുതിയ ഡിവിഷനായി എത്രയും വേഗം ഓഫീസ് കെട്ടിടം സജ്ജമാക്കണമെന്നും എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ നിര്‍മാണ പ്രവൃത്തികളിലെ കാലതാമസത്തിന് കോണ്ട്രാക്ടര്മാരുടെ നിസഹകരണം കാരണമാകുന്നുവെന്ന് വികസന സമിതിയില്‍ പങ്കെടുത്ത നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എഗ്രിമെന്റ് വെച്ചശേഷം പണി തുടങ്ങാത്തവര്‍, ഇടയ്ക്കുവെച്ച് പണി ഉപേക്ഷിച്ച് പോകുന്നവര്‍ തുടങ്ങിയ കോണ്‍ട്രാക്ടര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയും സഹകരണവും ആവശ്യപ്പെട്ട ജില്ല കളക്ടര്‍, ധാരണാപത്രം തയ്യാറാക്കുമ്പോള്‍ ആവശ്യമായ നിയമ പിന്തുണ ഉറപ്പാക്കുന്ന വിധമായിരിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.
കൈനകരി മീനപ്പള്ളി കായലിലെ ടെര്‍മിനലും അനുബന്ധ സംവിധാനങ്ങളും സാമൂഹ്യ വിരുദ്ധരുടെയും ലഹരി വില്‍പ്പനക്കാരുടെയും കേന്ദ്രമായി മാറുന്ന സാഹചര്യത്തില്‍ ഈ പ്രദേശം കൈനകരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുള്ള നടപടികള്‍ വേണമെന്ന് കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് കുറിപ്പിലൂടെ ആവശ്യപ്പെടുകയുണ്ടായി. മൂന്നാറ്റിന്‍മുഖം, പുല്ലങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള അമിനിറ്റി സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഫയലിംഗ് സിസ്റ്റം ഒരു മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇ-ഓഫീസിലേക്ക് മാറണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. പൊതുജനങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതും അവര്‍ക്ക് മറുപടി നല്‍കുന്നതുമുള്‍പ്പെടെ എല്ലാ കത്തിടപാടുകളും കടലാസ് രഹിതമായിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവകേരള സദസ്സില്‍ ലഭ്യമായ പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം നിര്‍ദ്ദേശിച്ചു. ലോക്സഭ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കി സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 100 ശതമാനം നിര്‍വ്വഹണ പുരോഗതി കൈവരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക