തെൽ അവീവ്: സമ്പൂർണ്ണമായ വിജയം നേടും വരെ ഗസ്സയിലെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമൻ നെതന്യാഹു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പരിഹാസ്യമാണെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ താൽപര്യങ്ങളാണ് അന്താരാഷ്ട്ര നീതിന്യായ കോടതി സംരക്ഷിക്കുന്നത്. ഹമാസാണ് പുതിയകാലത്തെ നാസികളെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഞങ്ങളുടെ മക്കളോട് ചെയ്ത കാര്യങ്ങൾ മറക്കാനാവില്ല. എല്ലാ ബന്ദികളേയും ഇസ്രായേലിൽ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയി വ്യാജ ആരോപണങ്ങളാണ് ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഉന്നയിച്ചത്. ഹമാസിന് വേണ്ടിയാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.
Read also: ഫലസ്തീന് സഹായമെത്തിക്കുന്ന യു.എൻ ഏജൻസിക്കുള്ള ധനസഹായം നിർത്തി യു.എസും യു.കെയും
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം രണ്ട് മാസത്തേക്ക് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നിർത്തിവെക്കും. ഇതിന് പകരമായി 100 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യും.
അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇസ്രായേലിന്റേയും ഹമാസിന്റേയും നിർദേശങ്ങൾ സ്വീകരിച്ച് കരാറിന്റെ പ്രാഥമിക ചട്ടക്കൂട് കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഞായറാഴ്ച പാരീസിൽ വിശദമായ ചർച്ച നടക്കും. ഇതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു