കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കോടതി കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. എസ്.ഐ എസ്ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്. മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ചത്.
2023 ഓഗസ്റ്റ് 28നാണ് പൊലീസ് പിന്തുടരുന്നതിനിടെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഫറാസ് മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് വിദ്യാർഥികൾ ഓടിച്ച കാറിനെ പിന്തുടർന്നത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഫറാസിന്റെ കുടുംബം അറിയിച്ചിരുന്നു.
കുറ്റാരോപിതരെ സംരക്ഷിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ കോടതി നേരിട്ട് അന്വേഷണം നടത്തി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ഉള്‍പ്പെടെയുള്ള തെളുവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് പൊലീസുകര്‍ക്കെതിരെ കോടതി കേസെടുത്തത്. പ്രതികൾ നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. അടുത്ത മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ