വാഷിങ്ടൺ: ഫലസ്തീന് സഹായമെത്തിക്കുന്ന യു.എൻ ഏജൻസിക്കുള്ള ധനസഹായം നിർത്തി യു.എസും യു.കെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ. യു.എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ ഫലസ്തീന്(UNRWA) നൽകുന്ന ഫണ്ടാണ് നിർത്തിയത്. മറ്റ് ചില രാജ്യങ്ങളും ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തിയിട്ടുണ്ട്. ഫലസ്തീന് പ്രധാനമായും സഹായമെത്തിക്കുന്ന ഏജൻസിക്കുള്ള ധനസഹായം നിലക്കുന്നതോടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്.
ജർമ്മനി, നെതർലാൻഡ്, സ്വിറ്റ്സർലാൻഡ്, ഫിൻലാൻഡ് , ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും ധനസഹായം നിർത്തിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഏജൻസിയുടെ ജീവനക്കാർക്ക് പങ്കുണ്ടോയെന്നതിൽ UNRWA അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് ഫണ്ട് നിർത്താനുള്ള തീരുമാനം രാജ്യങ്ങൾ എടുത്തത്.
ഏജൻസിക്കുള്ള ഫണ്ട് നിർത്താനുള്ള തീരുമാനം ഞെട്ടിക്കുന്നതാണ് UNRWA കമീഷണർ ജനറൽ ഫിലിപ്പി ലാസ്സറിനി പറഞ്ഞു. തീരുമാനം ഗസ്സ മുനമ്പിൽ ഏജൻസി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read also: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഏജൻസിയുടെ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവരെ ജോലിയിൽ നിന്നും മാറ്റിനിർത്തി. സത്യം പുറത്ത് കൊണ്ടു വരാനായി അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും ഫിലിപ്പ് ലാസ്സറിനി പറഞ്ഞു. എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തരാകാതെയാണ് ഏജൻസിക്കുള്ള സഹായം രാജ്യങ്ങൾ നിർത്തിയിരിക്കുന്നത്. അതേസമയം, സഹായം നിർത്തിയ നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഗസ്സയിലെ മുഴുവൻ ജനങ്ങൾക്കും സഹായമെത്തിക്കുന്നത് UNRWAയാണ്. ചില ജീവനക്കാരുടെ തെറ്റിന് ഗസ്സയിലെ മുഴുവൻ ജനങ്ങളേയും ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകനും ഏജൻസിയുടെ മുൻ ഡയറക്ടറുമായ ജോനാൻ സോഫി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു