വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം രണ്ട് മാസത്തേക്ക് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നിർത്തിവെക്കും. ഇതിന് പകരമായി 100 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യും.
അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇസ്രായേലിന്റേയും ഹമാസിന്റേയും നിർദേശങ്ങൾ സ്വീകരിച്ച് കരാറിന്റെ പ്രാഥമിക ചട്ടക്കൂട് കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഞായറാഴ്ച പാരീസിൽ വിശദമായ ചർച്ച നടക്കും. ഇതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
ഹമാസുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ സംസാരിച്ചിരിന്നു. ഇതിന് പുറമേ ഞായറാഴ്ച പാരീസിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനായി സി.ഐ.എ ഡയറക്ടർ വില്യം ജെ ബൂൺസിനേയും ബൈഡൻ അയച്ചിട്ടുണ്ട്.
Read also: ലോക കോടതിയില് ഇസ്രായേലിനെ പിന്തുണച്ച വനിതാ ജഡ്ജിയെ തള്ളി ഉഗാണ്ട
ഇസ്രായേൽ, ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായി ബൂൺസ് ചർച്ച നടത്തും. ഈ ചർച്ചകളിൽ പുരോഗതിയുണ്ടായാൽ മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ ബ്രെറ്റ് മക്ഗുർകിനെ അയച്ച് അന്തിമ കരാറിന് രൂപംനൽകാനാണ് യു.എസ് പ്രസിഡന്റിന്റെ പദ്ധതി. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനൊപ്പം ഗസ്സക്ക് ആവശ്യമായ സഹായം നൽകുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഫലസ്തീന് സഹായമെത്തിക്കുന്ന യു.എൻ ഏജൻസിക്കുള്ള ധനസഹായം യു.എസും യു.കെയും നിർത്തി. യു.എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ ഫലസ്തീന്(UNRWA) നൽകുന്ന ഫണ്ടാണ് നിർത്തിയത്. ജർമ്മനി, നെതർലാൻഡ്, സ്വിറ്റ്സർലാൻഡ്, ഫിൻലാൻഡ് , ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും ധനസഹായം നിർത്തിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ചില UNRWA ജീവനക്കാർക്ക് പങ്കുണ്ടെന്ന ഇസ്രായേൽ ആരോപണത്തിന് പിന്നാലെയാണ് ധനസഹായം നിർത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു