യുഎസിൽ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. അടുത്തിടെ 15 വയസുകാരൻ വെടിവെയ്പ്പ് നടത്തുകയും നാല് പേര് മരിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ 15-കാരന്റെ അമ്മയെ കോടതി വിചാരണ ചെയ്തു. മകൻ തോക്കുപയോഗിക്കുന്നത് തടയാൻ അമ്മക്ക് സാധിച്ചില്ല എന്ന കാരണത്തിലാണ് ജെന്നിഫർ ക്രംബ്ലി എന്ന 45-കാരിയെ കോടതി വിചാരണ നടത്തിയത്. ആദ്യമായാണ് ഇത്തരം സംഭവങ്ങളിൽ ഒരു പ്രതിയുടെ രക്ഷിതാവിനെ കോടതി വിചാരണ ചെയ്യുന്നത്.
2021-ലാണ് മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ 15-കാരൻ വെടിയുതിർത്തത്. സംഭവത്തിൽ ജെന്നിഫറിന്റെ മകൻ ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാല് പേരാണ് അന്നത്തെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ജെന്നിഫറിന്റെ ഭർത്താവിനെയും കോടതി വിചാരണ ചെയ്യുന്നുണ്ട്. സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ജെന്നിഫർ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.
വെടിയുതിർത്ത കൗമാരക്കാരനെ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നില്ല, കുട്ടി മാനസികമായ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട് എന്നതൊക്കെയായിരുന്നു കേസിന്റെ വിചാരണ നടക്കുമ്പോൾ പ്രതിഭാഗം വക്കീൽ വാദിച്ചത്. എന്നാൽ, വെടിയുതിർത്ത കുട്ടി അത് പിന്നീട് നിഷേധിക്കുകയും അച്ഛനും അമ്മയ്ക്കും ഇതേ കുറിച്ച് ഒന്നും അറിയില്ല. ഞാൻ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്നും പറയുകയയുണ്ടായി. പ്രതിയുടെ അമ്മയ്ക്കും അച്ഛനും എതിരെ നപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. എന്നാൽ, ജെന്നിഫറിന്റെ വക്കീൽ ഇതിനെ എതിർത്തു. ജെന്നിഫറിന് ഇതിൽ പങ്കില്ലെന്നും വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മനപ്പൂർവം അവരുടെ പേരിൽ കുറ്റം ചുമത്തുകയാണ് എന്നുമാണ് പ്രതിഭാഗം ആരോപിച്ചത്.