ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അന്താരാഷ്ട്ര ഇടവേളയ്ക്കായി ഡിസംബർ അവസാനം ലീഗ് താൽക്കാലികമായി നിർത്തിവെക്കുമ്പോൾ 12 കളികളിൽ 26 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ കാര്യങ്ങൾ അനുകൂലമാണെന്ന് ചുരുക്കം. എന്നാൽ ആദ്യ ഘട്ടത്തിലെ ഫോം രണ്ടാം ഘട്ടത്തിലും തുടരുകയെന്ന കഠിനമായ ദൗത്യമാണ് ഇനി മഞ്ഞപ്പടയ്ക്ക് മുന്നിൽ. അതിന് എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മഞ്ഞപ്പടയുടെ കന്നി കിരീട പ്രതീക്ഷകൾ.
ഇതിനിടെ കഴിഞ്ഞ ദിവസം ഐ എസ് എൽ രണ്ടാം ഘട്ടത്തിന്റെ മത്സരക്രമം പുറത്ത് വന്നു. നിലവിൽ 12 മത്സരങ്ങൾ കളിച്ചുകഴിഞ്ഞ മഞ്ഞപ്പടയ്ക്ക് ഇനി 10 പോരാട്ടങ്ങളാണ് ശേഷിക്കുന്നത്. അടുത്ത മാസം രണ്ടാം തീയതി കരുത്തരായ ഒഡീഷ എഫ്സിക്കെതിരായ പോരാട്ടത്തോടെയാണ് ഐ എസ് എൽ രണ്ടാം പകുതിയിൽ മഞ്ഞപ്പട കളി തുടങ്ങുന്നത്. ഏപ്രിൽ 12-ം തീയതി ഹൈദരാബാദ് എഫ്സിക്കെതിരെ അവസാന ഗ്രൂപ്പ് മത്സരവും.
Read also: ശുഐബ് മാലിക് ഒത്തുകളി വിവാദത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കരാർ റദ്ദാക്കി
ഇനി കേരള ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്ന 10 കളികളിൽ ആറെണ്ണം എവേ ഗ്രൗണ്ടിലാണ് എന്നതാണ് ശ്രദ്ധേയം. നാല് കളികൾ മാത്രമാണ് ഇനി സ്വന്തം ഗ്രൗണ്ടിൽ മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്നത്. അതൊരു വലിയ വെല്ലുവിളിയാണ്. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുമ്പോളുള്ള മികവ് എവേ ഗ്രൗണ്ടിൽ കളിക്കുമ്പോൾ മഞ്ഞപ്പടയ്ക്കില്ല. 2023-24 സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച ഒറ്റ മത്സരത്തിൽപ്പോലും തോൽവി അറിഞ്ഞിട്ടില്ലാത്ത മഞ്ഞപ്പട എവേ ഗ്രൗണ്ടിൽ രണ്ട് പരാജയങ്ങൾ നേരിട്ടു.
ഹോം ഗ്രൗണ്ടിൽ ശേഷിക്കുന്ന നാല് കളികളിലും ഏത് വിധേനയും ജയം നേടുക എന്നതിനാകണം അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കേണ്ടത്. ഹോം ഗ്രൗണ്ടിൽ സാധ്യമായ 12 പോയിന്റുകളും നേടാനായാൽ ടീമിന്റെ കിരീട പ്രതീക്ഷകൾ കൂടുതൽ ശക്തമാകും. എവേ ഗ്രൗണ്ടിൽ സാധ്യമായ 18 പോയിന്റിൽ 12 പോയിന്റെങ്കിലും നേടിയാൽ കേരള ബ്ലാസ്റ്റേഴ്സിന് കന്നി ഷീൽഡ് ഒരുവിധം ഉറപ്പിക്കാം. അതായത് ഇനി ശേഷിക്കുന്ന 10 കളികളിൽ 24 പോയിന്റെങ്കിലും നേടിയാൽ മഞ്ഞപ്പട പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ട് പോകും.
Read also: സെഞ്ച്വറിക്കരികിൽ ജദേജ; ഇന്ത്യക്ക് മികച്ച ലീഡ്
പഞ്ചാബ് എഫ്സി, എഫ്സി ഗോവ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കെതിരെയാണ് ഐ എസ് എൽ 2023-24 സീസണിൽ മഞ്ഞപ്പടയ്ക്ക് ഇനി ഹോം മത്സരങ്ങളുള്ളത്. എവേ പോരാട്ടങ്ങളാകട്ടെ ഒഡീഷ എഫ്സി, ചെന്നൈയിൻ എഫ്സി, ബംഗളൂരു എഫ്സി, ജംഷദ്പുർ എഫ്സി, നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവർക്കെതിരെയും. ഹോം ഗ്രൗണ്ടിൽ ഇനി നഷ്ടപ്പെടുത്തുന്ന ഓരോ പോയിന്റിനും കേരള ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.
അതേ സമയം ഏറ്റവും മികച്ച ഫോമിൽ അന്താരാഷ്ട്ര ഇടവേളയ്ക്ക് പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് പുനരാരംഭിക്കുമ്പോൾ അത്ര മികച്ച നിലയിലല്ല എന്നതാണ് സത്യം. കലിംഗ സൂപ്പർ കപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി തന്നെ കാരണം. കിരീട പ്രതീക്ഷയുമായി സൂപ്പർ കപ്പിനെത്തിയ ബ്ലാസ്റ്റേഴ്സ് സെമി പോലുമെത്താതെയാണ് പുറത്തായത്. ഇത് മഞ്ഞപ്പടയുടെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ശക്തമായി ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട ആരാധകർ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ