രഞ്ജി ട്രോഫി ക്രിക്കറ്റ്; ബിഹാറിനെതിരേ തകര്‍ന്നടിഞ്ഞ് കേരളം

പാറ്റ്‌ന: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബിഹാറിനെതിരേ തകര്‍ന്നടിഞ്ഞ് കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ്. വെളിച്ചക്കുറവുമൂലം ആദ്യദിനം മത്സരം നേരത്തേ അവസാനിപ്പിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം വേഗം കൂടാരം കയറിയപ്പോള്‍ ശ്രേയസ് ഗോപാലിന്റെ സെഞ്ചുറിയാണ് കേരളത്തെ കരകയറ്റിയത്.

17 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 113 റണ്‍സെടുത്ത ശ്രേയസ് ഗോപാലും അഖിന്‍ സത്താറു(0) മാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ ടീം സ്‌കോര്‍ 14 നില്‍ക്കുമ്പോള്‍ ഓപ്പണര്‍ രോഹന്‍ കുന്നുമലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ സച്ചിന്‍ ബേബി(1), വിഷ്ണു വിനോദ്(0),ആനന്ദ് കൃഷ്ണന്‍(9) എന്നിവരും മടങ്ങി. 

READ ALSO….സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അക്ഷയ് ചന്ദ്രന്‍-ശ്രേയസ് ഗോപാല്‍ കൂട്ടുകെട്ടാണ് കേരളത്തിന് അല്‍പ്പമെങ്കിലും രക്ഷയായത്. അക്ഷയ് ചന്ദ്രന്‍ 37 റണ്‍സെടുത്ത് പുറത്തായതോടെ ശ്രേയസ് ഗോപാല്‍ കേരളത്തിനായി ശ്രദ്ധയോടെ ബാറ്റേന്തി. വിഷ്ണു രാജ്(1), ബേസില്‍ തമ്പി(0), എംഡി നിധീഷ്(0) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ജലജ് സക്‌സീന (22) അല്‍പ്പമെങ്കിലും പൊരുതി.

വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ശ്രേയസ് ഗോപാല്‍ ടീം സ്‌കോര്‍ 200- കടത്തി. ബിഹാറിനായി ഹിമാന്‍ഷു സിങ് നാല് വിക്കറ്റ് വീഴ്ത്തി. വീര്‍ പ്രതാപ് സിങ് മൂന്ന് വിക്കറ്റും വിപുല്‍ കൃഷ്ണ രണ്ട് വിക്കറ്റും നേടി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ