ദോഹ: ലോകകപ്പിന് സമാനമായി എ.എഫ്.സി ഏഷ്യൻ കപ്പിലും ഗതാഗതത്തിനായി ആരാധകരും സന്ദർശകരും ആശ്രയിക്കുന്നത് പൊതുഗതാഗത സൗകര്യങ്ങളെ. ജനുവരി 12ന് ആരംഭിച്ച ഏഷ്യൻ കപ്പിൽ ജനുവരി 23വരെ പൊതുബസുകളിൽ യാത്രചെയ്തവരുടെ എണ്ണം13 ലക്ഷത്തിലധികം കവിഞ്ഞതായി ഗതാഗത മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ടൂർണമെന്റ് ആരംഭിച്ചത് മുതൽ 13,65,659 യാത്രക്കാർ പൊതു ബസുകളെ ഉപയോഗപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
സ്റ്റേഡിയങ്ങളിലും മറ്റ് സൗകര്യങ്ങളിലും എളുപ്പത്തിൽ എത്തിച്ചേരാനും ചെലവ് കുറവും ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമാകുന്നതുമായ ഘടകങ്ങളെല്ലാം പൊതുജനങ്ങളെ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതും പൊതുഗതാഗത സൗകര്യങ്ങളിലൂടെ സ്റ്റേഡിയങ്ങളുടെ അടുത്തെത്താൻ കഴിയുന്നതും ആളുകളെ ഇതിന് സഹായിക്കുന്നു.
സുഗമമായ പൊതുഗതാഗതം ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ സേവനങ്ങൾക്കു പുറമേ, എ.എഫ്.സി ഏഷ്യൻ കപ്പ് 2023ന് മാത്രമായുള്ള പ്രത്യേക പദ്ധതിയിൽ 50 ശതമാനം വൈദ്യുതി വാഹനങ്ങളുൾപ്പെടെ 900 ബസുകളാണ് സർവിസ് നടത്തുന്നത്. 50ലധികം രാജ്യങ്ങളിൽനിന്നായി മികച്ച പരിശീലനം നേടിയ 1000 ഡ്രൈവർമാരും 500 സപ്പോർട്ട് ആൻഡ് ഗ്രൗണ്ട് സ്റ്റാഫും അടങ്ങുന്ന ശക്തമായ ടീമാണ് ഏഷ്യൻ കപ്പിനായി മുവാസലാത്ത് ഒരുക്കിയിരിക്കുന്നത്.
നേരത്തേ ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിലായി രണ്ട് ദശലക്ഷത്തിലധികം പേർ യാത്രചെയ്തതായി ഖത്തർ റെയിൽ പുറത്തുവിട്ടിരുന്നു. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽസദ്ദ് സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് നേരിട്ടും മറ്റ് സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്റ്റേഷനുകളിൽനിന്ന് ഷട്ടിൽ സർവിസ് വഴിയുമാണ് ദോഹ മെട്രോ ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്.
അൽതുമാമ, അൽജനൂബ്, അബ്ദുല്ല ബിൻ ഖലീഫ, അൽബെയ്ത് സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്റ്റേഷനിലിറങ്ങിയതിനുശേഷം ഷട്ടിൽ ബസുകളിലൂടെ മാത്രമാണ് എത്തിച്ചേരാൻ കഴിയുക.
സൂഖ് വാഖിഫ്, ലുസൈൽ ബൊലെവാർഡ്, കതാറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് മെട്രോ കണക്ടിവിറ്റി നൽകിയപ്പോൾ എക്സ്പോ നടക്കുന്ന അൽബിദ്ദ പാർക്ക് റെഡ്ലൈനിലെ കോർണിഷ്, അൽബിദ്ദ സ്റ്റേഷനുകളുമായി നേരിട്ട് ബന്ധിപ്പിച്ചു.
ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെത്താൻ ദോഹ മെട്രോയെ നിരവധി പേർ ആശ്രയിച്ചു. മാച്ച് ടിക്കറ്റുകൾക്ക് സൗജന്യമായി ഡേ പാസ് നൽകിയത് യാത്രക്കാർ മെട്രോയെ തിരഞ്ഞെടുക്കുന്നതിന് പ്രേരണ നൽകുന്നുമുണ്ട്. ലോകകപ്പ് സമയത്ത് 75 ലക്ഷത്തിലധികം യാത്രക്കാരാണ് പൊതു ബസുകളിൽ യാത്ര ചെയ്തിരുന്നത്.
ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുന്നതുവരെയുള്ള കണക്കു പ്രകാരം മുശൈരിബ്, എജുക്കേഷൻ സിറ്റി, ലുസൈൽ എന്നിവിടങ്ങളിലെ ട്രാമുകളും സജീവമായി. ലുസൈൽ ട്രാമിൽ 95,362 പേരാണ് യാത്രചെയ്തത്. മുശൈരിബ് ട്രാമിൽ 15,601ഉം എജുക്കേഷൻ സിറ്റി ട്രാമിൽ 93,060 പേരും യാത്രചെയ്തതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു