ന്യൂഡൽഹി: ടെന്നിസിൽ പുരുഷ ഡബിൾസിൽ ഒന്നാം റാങ്ക് ഉറപ്പിച്ചതിനും ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ കടന്നതിനും പിന്നാലെ പത്മശ്രീ തിളക്കത്തിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാര ജേതാക്കളിൽ ബൊപ്പണ്ണക്ക് പുറമെ വനിത സ്ക്വാഷ് താരം ജോഷ്ന ചിന്നപ്പ, മുൻ ഹോക്കി താരം ഹർബീന്ദർ സിങ്, പാര സ്വിമ്മർ സതേന്ദ്ര സിങ്, മല്ലക്കമ്പ് പരിശീലകൻ ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, പാരബാഡ്മിന്റൺ മുഖ്യ പരിശീലകൻ ഗൗരവ് ഖന്ന, അമ്പെയ്ത്ത് കോച്ച് പൂർണിമ മഹാതൊ എന്നിവരാണ് കായിക രംഗത്തുനിന്ന് പത്മശ്രീ പുരസ്കാരം നേടിയവർ.
Read also: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ: രാഹുലിനും അർധസെഞ്ച്വറി
ആസ്ട്രേലിയൻ ഓപണിൽ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദനൊപ്പം ഫൈനലിലേക്ക് മുന്നേറിയ 43കാരനായ രോഹൻ ബൊപ്പണ്ണ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ 2017ൽ ഫ്രഞ്ച് ഓപൺ മിക്സഡ് ഡബ്ൾസ് ചാമ്പ്യനായിരുന്നു. മാത്യു എബ്ദനൊപ്പം കഴിഞ്ഞ യു.എസ് ഓപണിൽ ഫൈനലിലെത്തിയതോടെയാണ് ബിൾസ് റാങ്കിങ്ങിൽ കുതിപ്പ് തുടങ്ങിയത്.
സ്ക്വാഷ് താരമായ ജോഷ്ന ചിന്നപ്പ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ തൻവി ഖന്നക്കും അനഹത്ത് സിങ്ങിനുമൊപ്പം വെങ്കലം നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ നേരത്തെ രണ്ട് വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 1964ലെ ടോക്യോ ഒളിമ്പിക്ൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഹർബീന്ദർ സിങ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ വനിത ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു