കൊല്ലങ്കോട്: മുതലമടയിൽ മാവിൻതോട്ടങ്ങളിൽ മാങ്ങ മോഷണം തുടർക്കഥയായതോടെ പാകമാകാതെ വിളവെടുത്ത് കർഷകർ. മാങ്ങക്ക് വിലയുയർന്നതോടെയാണ് മോഷണം പതിവായത്. മാങ്ങ പാകമാകാൻ ഇനിയും ഒരുമാസം കൂടി കഴിയണം. കഴിഞ്ഞദിവസം ആട്ടയാമ്പതിയിൽ മാവിൻതോട്ടത്തിൽനിന്ന് 75,000 രൂപയോളം വില വരുന്ന മാങ്ങ മോഷ്ടിച്ചത് കർഷകരെ ആധിയിലാഴ്ത്തിയിരിക്കുകയാണ്.
രാത്രിയിലും തോട്ടങ്ങളിൽ കാവലിരിക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ഏക്കറിന് ഒരു ലക്ഷത്തിലധികം നൽകി മാവിൻ തോട്ടം പാട്ടത്തിനെടുത്ത കർഷകരും ആധിയിലാണ്. വിളവിന് മുമ്പ് പറിക്കുന്നത് വലിയ നഷ്ടമാണെന്ന് കർഷകനായ ആട്ടയാമ്പതി സ്വദേശി അസ്കർ പറഞ്ഞു. ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ മാങ്ങ ഭൂരിഭാഗവും ഇക്കുറി പച്ച മാങ്ങയായി പറിച്ച് മധുര, ഈറോഡ്, ഓട്ടംഛത്രം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് അയക്കുകയാണ്.
Read also: ഫെബ്രുവരി 16ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ രാകേഷ് ടികായത്ത്
പട്രോളിങ്ങിനായി കൊല്ലങ്കോട് സ്റ്റേഷനിൽ മതിയായ പൊലീസുകാരില്ലാത്തതും പ്രതിസന്ധിയായി. 10000 ഹെക്ടറിലധികം മാവിൻ തോട്ടങ്ങളാണ് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി തുടങ്ങിയ നാല് പഞ്ചായത്തുകളിലുള്ളത്. പൊലീസിന്റെ സഹായം എല്ലാ ദിവസങ്ങളിലും ഉണ്ടാവണമെന്നും തെരുവ് വിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ വിളക്കുകൾ സ്ഥാപിക്കണമെമെന്നുമാണ് കർഷകരുടെ ആവശ്യം. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ കെ.എസ്. സുധീർകുമാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു