ന്യൂഡൽഹി: ബംഗാളിൽ ഇടഞ്ഞു നിൽക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ മമതയുമായി ഫോണിൽ സംസാരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും മമത ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഖർഗെയുടെ അനുരഞ്ജന സംഭാഷണം.
സീറ്റു വിഭജനത്തെ കുറിച്ചും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ പ്രവേശിച്ചതിനെ കുറിച്ചുമാണ് ഇരുവരും സംസാരിച്ചതെന്നാണ് റിപ്പോർട്ട്. ഖർഗെ മമതയുമായി സംസാരിച്ചിട്ടുണ്ടെന്നും ഒരുമിച്ച് മുന്നോട്ടു പോകുമെന്നുമാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചത്. മമത ഭാരത് ജോഡോ യാത്രയുടെ ഭാഗമായാൽ ഖർഗെയ്ക്കും സോണിയയ്ക്കും രാഹുലിനും അത് അതീവ സന്തോഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ മമതയെ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
രാഹുലിന്റെ യാത്രയെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്നു നേരത്തേ മമത പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് രാഹുലിന്റെ യാത്രയുമായി സഹകരിച്ചാൽ സിപിഎം വിട്ടുനിൽക്കുമെന്നു പാർട്ടി സെക്രട്ടറിയും നിലപാടെടുത്തു. രാജ്യം അനീതി നേരിടുകയാണെന്നും ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ഇതിനെതിരെ നിൽക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.