മലപ്പുറം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തികസഹായത്തോടെ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് വൻപദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ 17 കോടി രൂപയുടെ പദ്ധതികൾക്കാണ് രൂപം നൽകിയത്.
പദ്ധതിയുടെ ഭാഗമായി നഗരസഭ വർഷങ്ങളായി ഉപയോഗിച്ച് ഇപ്പോൾ പ്രവർത്തനരഹിതമായി കിടക്കുന്ന പുളിയേറ്റുമ്മൽ മാലിന്യകേന്ദ്രം പൂർണമായും മുഖം മാറ്റിയെടുക്കും. ഭൂമിക്കടിയിൽ നിക്ഷേപിച്ച മാലിന്യങ്ങളെ തരം തിരിച്ച് പ്ലാസ്റ്റിക്, കല്ല്, കമ്പി, മറ്റുള്ളവ എന്നിവ വേർതിരിച്ച് അവയെ നിലവിലുള്ള സ്ഥലത്തുനിന്ന് ഒഴിവാക്കി ബയോമൈനിങ് പദ്ധതി വഴി ഭൂമിയുടെ യഥാർഥ രൂപം വീണ്ടെടുക്കുന്ന പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ തുടക്കം കുറിക്കുന്നത്.
Read also: പി എസ് സി ശില്പശാല സംഘടിപ്പിച്ചു
മിനി എം.സി.എഫുകൾ നിർമിക്കാൻ 1.17 കോടി, സാനിറ്ററി ഇൻസിനേറ്റർ നിർമിക്കാൻ ഒന്നരകോടി, മാലിന്യ വാഹനങ്ങൾ വാങ്ങാൻ 20 ലക്ഷം, അനുബന്ധ പദ്ധതികളുടെ പൂർത്തീകരണത്തിന് 8.41 കോടി, ആരോഗ്യജീവനക്കാർക്ക് സുരക്ഷ ഉപകരണങ്ങൾ വാങ്ങാൻ 11ലക്ഷം ഉൾപ്പെടെ പദ്ധതികളാണ് ആദ്യഘട്ടത്തിൽ മലപ്പുറത്ത് നടപ്പാക്കുന്നത്.
ഖരമാലിന്യ സംസ്കരണ പദ്ധതികൾക്ക് ലോകബാങ്ക് സഹായത്തോടെ തുടക്കം കുറിച്ചതോടെ മലപ്പുറത്ത് മാലിന്യ സംസ്കരണരംഗത്തും റെക്കോർഡ് നേട്ടങ്ങൾ നേടിയെടുക്കാനാകുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി പറഞ്ഞു. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയുടെ ഉന്നതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി സംബന്ധിച്ച കൂടിയാലോചന യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറെങ്ങൽ, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ, ഷാഫി മൂഴിക്കൽ, ആയിഷാബി ഉമ്മർ, ഖദീജ മുസ്ലിയാരകത്ത്, നാണത്ത് സമീറ മുസ്തഫ, റസീന സഫീർ ഉലുവാൻ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, മുൻസിപ്പൽ എൻജിനീയർ ബാബു, ഖരമാലിന്യ പരിപാലന പദ്ധതി ജില്ല കോഓഡിനേറ്റർ ലക്ഷ്മി വി. പ്രകാശ്, സോഷ്യൽ എക്സ്പർട്ട് പി.ഡി. ഫിലിപ്പ്, എൻവയൺമെന്റ് എക്സ്പർട്ട് ഡോ. ലതിക, എസ്.വി.എം. എൻജിനീയർ വൈശാഖ് കൃഷ്ണൻ, പി.വി. ആദിൽഷാ, ബിറ്റോ ആന്റണി, ഡോ. ജയനേഷ്, ആന്റണി, അനുശ്രീ, അഖിൽ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക