ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് സഖ്യം ഉറപ്പിക്കാൻ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മമത ബാനർജിയെ കാണും.അതേസമയം, മമതയുടെ നിലപാട് ഉരുളുന്ന കല്ലുപോലെ എന്ന് വിമർശിച്ചും തൃണമൂല്‍ എൻ.ഡി.എയിലേയ്ക്ക് പോയേക്കാം എന്ന് ചൂണ്ടിക്കാട്ടിയും ബംഗാള്‍ സി.പി.എം. രംഗത്ത് വന്നു.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രസ്താവന കോണ്‍ഗ്രസ് ഗൗരവത്തിലെടുക്കുന്നുണ്ട്. വിട്ടുവീഴ്ച ചെയ്തും സഖ്യം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ബംഗാളില്‍ പ്രവേശിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെയും മറ്റന്നാളും വിശ്രമമാണ്. ഒഴിവ് സമയത്ത് രാഹുല്‍ മമതയെ കണ്ട് ഭാരത് യാത്രയിലേയ്ക്ക് ക്ഷണിക്കും. ഒപ്പം സീറ്റ് വിഭജനകാര്യത്തിലും ചർച്ച നടത്തും. മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും മമതയെ വിളിക്കുമെന്നാണ് സൂചന.
ആറ് സീറ്റ് വേണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രം നല്‍കാമെന്ന് മമതയും നിലപാടെടുത്തു. നാല് സീറ്റെങ്കിലും ലഭിച്ചാല്‍ വിട്ടുവീഴ്ചയാകാമെന്ന് ദേശീയ നേതൃത്വം നിലപാടെടുക്കുന്നു. അതേസമയം, മമത സഖ്യം പൊളിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം. കുറ്റപ്പെടുത്തുന്നു. മമത ഉരുളുന്ന കല്ലുപോലെ നിലപാട് മാറ്റുന്നയാളെന്ന് നിതീഷ് കുമാർ പണ്ട് പറഞ്ഞെന്ന് സി.പി.എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത് ആർഎസ്‌എസിന്റെയും ബിജെപിയുടേയും ഉപദേശം സ്വീകരിച്ചാണ്. അതുകൊണ്ട് തൃണമൂല്‍ എൻഡിഎയില്‍ ചേർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.