പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന.ബിഹാറില്‍ ആർ.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാർ ബി.ജെ.പിയുമായി വീണ്ടും സഹകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബേയും പാർട്ടി നേതൃത്വത്തെ കാണാനായി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ബിഹാറിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ജെ.ഡി.യു. നേതാക്കളായ ലാലൻ സിങ്, വിജയ് കുമാർ ചൗധരി തുടങ്ങിയവരും എത്തി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ്’ യാത്രയില്‍ നിതീഷ് കുമാർ പങ്കെടുക്കില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാൻ വഴി നിതീഷ് കുമാറിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ജനുവരി 30-ന് ബിഹാറില്‍ പ്രവേശിക്കുന്ന യാത്രയില്‍ നിതീഷ് പങ്കാളിയാകില്ലെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകള്‍ വൈകുന്നതില്‍ നിതീഷ് അസ്വസ്ഥനാണെന്നും ഇതാണ് യാത്രയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ബിഹാർ മുൻമുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂറി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചതിന് നിതീഷ് കുമാർ നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കിയതില്‍ മോദി സർക്കാരിന് നന്ദി അറിയിച്ച നിതീഷ് കുമാർ, ഏറെക്കാലം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും യു.പി.എ. സർക്കാർ അത് പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഇതിനുപുറമേ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും നിതീഷ് കുമാർ ചില പരാമർശങ്ങള്‍ നടത്തി. കർപ്പൂരി ഠാക്കൂർ ഒരിക്കലും കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. ഇത് പരോക്ഷമായി ലാലു കുടുംബത്തെ ഉന്നംവെച്ചുള്ള പരാമർശമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഇതിനുപിന്നാലെ നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തുകയുംചെയ്തു. ‘ചിലർക്ക് സ്വന്തം പോരായ്മകള്‍ കാണാൻ കഴിയില്ലെങ്കിലും മറ്റുള്ളവരുടെ മേല്‍ ചെളി വാരിയെറിയുന്നത് തുടരും’ എന്നായിരുന്നു രോഹിണി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്. അർഹതയില്ലാതവർക്ക് പ്രധാന്യം നല്‍കുമ്ബോള്‍ ഒരാള്‍ക്ക് എന്തുമാത്രം രോഷമുണ്ടാകുമെന്നും രോഹിണി എക്സില്‍ കുറിച്ചിരുന്നു. എന്നാല്‍, ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം രോഹിണി ഇവയെല്ലാം പിൻവലിച്ചു.
അതേസമയം, നിതീഷ് കുമാർ തിരിച്ചെത്തിയാലും വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിന് ബി.ജെ.പി. അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് നല്‍കിയാല്‍ മാത്രമേ നിതീഷ് കുമാറുമായി സഹകരിക്കുകയുളളൂവെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.