തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് എത്തി. രക്ഷാപ്രവർത്തനം വൈകിയതിൽ മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെ മീൻപിടുത്തത്തിനായി മുതലപ്പൊഴിയിൽ നിന്ന് ചെറുവള്ളങ്ങളിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു.
നാവിക സേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡ് ബോട്ടുകളുമാണ് പരിശോധന നടത്തുന്നത്. മോശം കാലാവസ്ഥ മൂലം ഏറെ വൈകിയാണ് നാവിക സേനയുടെ ഹെലികോപ്റ്റർ തിരച്ചിലിന് ഏത്തിയത്. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യ തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വിഴിഞ്ഞത്തും ശംഖുമുഖത്തും സമാനമായ രീതിയിൽ ബോട്ടുകൾ മറിഞ്ഞു. പത്തോളം പേർ ഇനിയും തിരിച്ചുവരാൻ ഉണ്ടെന്നാണ് വിവരം. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകാത്തതാണ് അപകടകാരണം എന്നാണ് ആരോപണം. മന്ത്രി സിപി ജോൺ വിഴിഞ്ഞത്ത് നേരിട്ട് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Story Highlights : Search for the missing fishermen at Muthalappozhi continues
















