അസം ∙ ബോക്സിങ് താരം എം.സി.മേരി കോം വിരമിച്ചു. 6 തവണ ലോക ചാംപ്യനും ഒളിംപിക് മെഡലിസ്റ്റുമായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് നാൽപത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു.
‘ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
6 തവണ ലോക ചാംപ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്. 2003ലെ ആദ്യ ലോക ചാംപ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016– 2022ൽ രാജ്യസഭാംഗമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ