ജിദ്ദ: ജിദ്ദ ബലദിൽ നിർമിക്കുന്ന തടാകത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ചരിത്രപ്രസിദ്ധമായ ജിദ്ദ ബലദിനോട് ചേർന്നുള്ള വാട്ടർഫ്രണ്ട് വികസനത്തിന്റെ ഭാഗമായാണ് ‘അർബഇൗൻ തടാകം’ നിർമിക്കുന്നത്. ജിദ്ദ ചരിത്രമേഖല വികസന പരിപാടിയുടെ ഭാഗമായാണ് ബലദിലെ അൽബഇൗൻ തടാകവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വികസിപ്പിക്കുന്നത്. 2023ലാണ് ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ചത്. കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിലുൾപ്പെട്ടിരുന്നു.
രണ്ടാംഘട്ട ജോലികൾ 2024ന്റെ ആദ്യപാദത്തിൽ ആരംഭിക്കും. കഴിഞ്ഞ ദശകങ്ങളിൽ നഗരവികസനത്തിന്റെ ഫലമായി നികത്തിയ പ്രദേശം കുഴിച്ച് അതിൽ ഗുണനിലവാരമുള്ള ജലം നിറക്കലാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ‘ജിദ്ദ ചരിത്രമേഖല വികസന’ പദ്ധതിക്കുള്ളിലാണ് വാട്ടർഫ്രണ്ട് വികസിപ്പിക്കുന്നത്. നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നതാണിത്. ആയിരക്കണക്കിന് വർഷങ്ങളായി പഴക്കമുള്ള തുറമുഖത്തിന്റെ മഹത്തായ ചരിത്രപരമായ മൂല്യവും ജിദ്ദയിലും അവിടത്തെ ജനങ്ങളിലും സംസ്കാരത്തിലും അതിന്റെ അടിസ്ഥാനപരമായ സ്വാധീനവും കണക്കിലെടുത്താണ് അർബഇൗൻ തടാകവും പരിസരവും വികസിപ്പിക്കുന്നത്.
കടൽജലം അതിന്റെ യഥാർഥ രൂപത്തോടുകൂടി കഴിയുന്നത്ര പഴയ തുറമുഖത്തേക്ക് തിരികെ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കടലിനെ പഴയ തുറമുഖത്തേക്ക് തിരികെ കൊണ്ടുവരുക, അഞ്ചു കിലോമീറ്റർ വാട്ടർഫ്രണ്ടുകൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഘടകങ്ങൾ ലഭ്യമാകുന്ന ഒരു സംയോജിത അന്തരീക്ഷം നിർമിക്കുക, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുക, വാട്ടർഫ്രണ്ടിന് ചുറ്റും സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വാട്ടർഫ്രണ്ടിന് ചുറ്റുമുള്ള പ്രദേശം വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു മറീന ഏരിയ, തടാകത്തിന്റെ വടക്കും തെക്കും പുതിയ റെസിഡൻഷ്യൽ യൂനിറ്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, റസ്റ്റാറൻറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു