മക്ക: മക്കയിലെ മലനിരകളിൽ വിചിത്ര ജീവിയെ കണ്ടെത്തിയതായി പ്രചാരണം. സമൂഹമാധ്യമങ്ങളിലാണ് മക്കയിലെ ഒരു മലമുകളിൽ അപൂർവ മൃഗത്തെ കണ്ടതായ വിഡിയോ ക്ലിപ് പ്രചരിക്കുന്നത്. മസ്ജിദുൽ ഹറാമിെൻറ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിരകളിൽ ഒന്നായ ജബൽ ഖണ്ഡാമയിലാണ് അപൂർവ മൃഗത്തെ കണ്ടത്. വലിയ ശരീരവും സവിശേഷതകളും കാരണം ‘വിചിത്രം’ എന്നാണ് സമൂഹമാധ്യമ പ്രവർത്തകർ അതിനെ വിശേഷിപ്പിച്ചത്.
അതേസമയം വിഡിയോയിൽ കാണുന്ന മൃഗം ‘റോക്ക് ഹൈറാക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന എലിയെപ്പോലിരിക്കുന്ന ജീവിയാണെന്ന് സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം വ്യക്തമാക്കി. ഈ മൃഗം പർവതപ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു വന്യ സസ്തനിയാണെന്ന് കേന്ദ്രം ‘എക്സ്’ പോസ്റ്റിൽ വിശദീകരിച്ചു.
റോക്ക് ഹൈറാക്സ് എലിയോട് സാമ്യമുള്ളതാണ്. എന്നാൽ, അതിന് വാലില്ല. ചെറിയ ചെവികളുണ്ടാകും. ശരീരം ഇരുണ്ട തവിട്ട് നിറമുള്ള രോമങ്ങളാൽ പൊതിഞ്ഞതാണ്. സസ്യങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയാണ് ഭക്ഷിക്കുക. വരൾച്ചയുടെ കാലത്ത് ദിവസങ്ങളോളം ഭക്ഷണമില്ലാതെ ജീവിക്കാൻ ഇതിന് സാധിക്കും. ഉയർന്നതും മിനുസമാർന്നതുമായ പാറക്കെട്ടുകളിലാണ് റോക്ക് ഹൈറാക്സ് സാധാരണ താമസിക്കുന്നതെന്നും വേട്ടമൃഗങ്ങളിൽനിന്ന് അതിന് സ്വയം സംരക്ഷണം നൽകുന്നുവെന്നും കേന്ദ്രം സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു