മനാമ: നൃത്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും അഭിനയത്തിലും ചിത്രകലയിലും ഒരുപോലെ കഴിവു തെളിയിച്ച് ബഹ്റൈനിലെ കലാരംഗത്ത് സകലകലാ പ്രതിഭയായി തിളങ്ങുന്ന താരമാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ അക്ഷിത വൈശാഖ് എന്ന കൊച്ചുമിടുക്കി.
ഏഷ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അക്ഷിത 2023 ൽ ബഹ്റൈനിലെ പ്രമുഖ കലാമേളയായ ദേവ്ജി – ബി.കെ.എസ്. ജി.സി.സി. കലോൽസവത്തിൽ സ്പെഷൽ ഗ്രൂപ് ചാമ്പ്യനായിരുന്നു. കെ.സി.എ.ഇന്ത്യൻ ടാലന്റ് സ്കാൻ 2023 ലും ഗ്രൂപ് ചാമ്പ്യൻ അവാർഡ് നേടി. ഇന്ത്യൻ ക്ലബ്, ബി.കെ.എസ്, ബി.എം.സി, തൃശൂർ സംസ്കാര എന്നീ സംഘടനകൾ നടത്തിയ കലാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സൗദി ആസ്ഥാനമായ ഇറാം ഇന്റർനാഷനലിലെ ഇൻസ്ട്രുമെന്റ് ഇൻസ്പെക്ടറായ വൈശാഖ് ഗോപാലകൃഷ്ണന്റെയും ബഹ്റൈൻ ഡ്യൂട്ടിഫ്രീയിൽ ഐ.ടി ആപ്ലിക്കേഷൻ കൺസൾട്ടന്റായ വിദ്യയുടെയും മകളാണ്. ആഷ് വി. വൈശാഖ് എന്ന സഹോദരി കൂടിയുണ്ട് അക്ഷിതക്ക്.ചിത്രരചനയിലും പെയിന്റിങിലും ആൽബർട്ട് ആന്റണിയിൽനിന്നും ശാസ്ത്രീയ സംഗീതത്തിൽ ആർ.എൽ.വി.സന്തോഷിൽനിന്നും ശാസ്ത്രീയ നൃത്തത്തിൽ കലാമണ്ഡലം ഗിരിജ മേനോൻ, വിദ്യശ്രീ, സ്വാതി വിനിൻ, സിനിമാറ്റിക് ഡാൻസിൽ എ.ആർ. റെമിൽ എന്നിവരിൽ നിന്നുമാണ് പരിശീലനം നേടിയത്.
മലയാളം, ഇംഗ്ലീഷ് കഥ – കവിതാ രചന, പാരായണം, ലൈറ്റ് മ്യൂസിക്, ഫോക് ഡാൻസ്, ആക്ഷൻ സോങ്, ക്രിസ്ത്യൻ ഭക്തിഗാനം എന്നിവയിലും ഒട്ടേറെ സമ്മാനങ്ങൾ നേടി. കെ.എസ്.സി.എ ബാലകലോത്സവത്തിൽ നിരവധി ടാലന്റ് മത്സരങ്ങളിലും സമ്മാനാർഹയായി. വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്ത നല്ലോണപ്പൂ എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോസ് ഫ്രാൻസിസ് സംവിധാനം ചെയ്ത മുത്ത് മണിത്തൂവൽ എന്ന സംഗീത ആൽബത്തിലെ കവർ സോങ്ങിലും അഭിനയിച്ചു. സൗരവ് രാഗേഷ് സംവിധാനം ചെയ്ത അടുത്ത് പുറത്തിറങ്ങാൻ പോകുന്ന ആലീസ് എന്ന ഷോർട്ട് ഫിലിമിലും അക്ഷിതയുടെ അഭിനയമികവ് കാണാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു