റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര സഞ്ചാര സാധ്യതകൾ പരിചയപ്പെടുത്തി റിയാദിൽ നടക്കുന്ന ടൂറിസം ഫോറവും പ്രദർശനമേളയും ബുധനാഴ്ച അവസാനിക്കും. സൗദി ടൂറിസം മന്ത്രാലയത്തിന് കീഴിൽ സൗദി ടൂറിസം അതോറിറ്റി, ടൂറിസം ഡെവലപ്മെൻറ് ഫണ്ട്, ചെങ്കടൽ വികസന അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള ടൂറിസം വിദഗ്ധരും പ്രധാന ടൂറിസം കമ്പനികളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
നിയോം, അൽഉല, ഖിദ്ദിയ്യ, ദറഇയ ഉൾപ്പെടെയുള്ള രാജ്യത്തൊരുങ്ങുന്ന ഭീമൻ ടൂറിസം പദ്ധതികളെ പരിചയപ്പെടുത്താൻ പ്രത്യേക പവലിയനുകളും ബഹുഭാഷ പ്രാവീണ്യമുള്ള ജീവനക്കാരും പ്രദർശന ഹാളിൽ സജീവമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ഹോസ്പിറ്റാലിറ്റി മേഖല പരിചയപ്പെടുത്തുന്ന പവലിയനുകളും ഈ രംഗത്ത് നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കോർപറേറ്റുകളുൾപ്പെടെ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച മേള ബുധനാഴ്ച രാത്രി 10 ഓടെ അവസാനിക്കും. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് സമയം അനുവദിച്ചിട്ടുള്ളത്. sauditf.com എന്ന ഓൺലൈൻ പോർട്ടൽ വഴി സന്ദർശനാനുമതി നേടാവുന്നതാണ്. നേരിട്ടെത്തുന്നവർക്ക് രജിസ്റ്റർ ചെയ്ത് മേളയിലേക്ക് പ്രവേശിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ഇവൻറ് ടൂറിസം വിദഗ്ദ്ധർ സാധ്യതകൾ പഠിക്കാൻ മേളയിലുണ്ട്. അനന്തമായ സാധ്യതകളാണ് സൗദി അറേബ്യയുടെ ഇവൻറ് ടൂറിസം മേഖലയിലുള്ളതെന്നും സൗദിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണെന്നും കേരളത്തിൽ നിന്നെത്തിയ ഇവിൻഷ്യ ഇവൻറ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സാദിഖ് പറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2019നെ അപേക്ഷിച്ച് 2023ൽ 156 ശതമാനമാണ് കുതിപ്പുണ്ടായത്. 2030ഓടെ 10 കോടി സന്ദർശക ക്ലബിലെത്താനാണ് സൗദിയുടെ ശ്രമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു