മനാമ: തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച 1,142 പരിശോധനകൾ നടത്തിയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.നിയമലംഘനം നടത്തിയ 200-ലധികം പ്രവാസികളെ നാടുകടത്തി.
പരിശോധന കാമ്പയിനുകളിലും സന്ദർശനങ്ങളിലും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇവ നിയമപരമായ നടപടികൾക്ക് കൈമാറിയിട്ടുണ്ട്.
17 സംയുക്ത പരിശോധന കാമ്പയിനുകളും നടത്തി. ക്യാപിറ്റൽ ഗവർണറേറ്റിൽ ഏഴ് കാമ്പയിനുകളും മുഹറഖ് ഗവർണറേറ്റിൽ നാല് പരിശോധനകളും വടക്കൻ ഗവർണറേറ്റിൽ മൂന്ന് കാമ്പയിനുകളും സതേൺ ഗവർണറേറ്റിൽ മൂന്ന് കാമ്പയിനുകളും നടന്നു.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹകരണവും പരിശോധനകൾക്കുണ്ടായിരുന്നു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങളോ സമ്പ്രദായങ്ങളോ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ വ്യാപകമായ സാഹചരത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh-ലെ ഇ ഫോം വഴിയോ അതോറിറ്റിയുടെ കാൾ സെന്ററിൽ വിളിച്ചോ, അറിയിക്കണം. ഫോൺ: 17506055.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു