മനാമ: വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം രാജ്യത്തിന് കരുത്തും ശക്തിയും പകരുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന മുഴുവനാളുകൾക്കും കാബിനറ്റ് അഭിവാദ്യങ്ങൾ അർപ്പിച്ചു. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുന്നതായി വിലയിരുത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ കഴിഞ്ഞ ദിവസം ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ നടന്ന സനദ് ദാന സമ്മേളനത്തിൽ നിരവധി കുട്ടികൾ മികച്ച പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയതും നേട്ടമാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളിൽ കഴിവും പ്രാപ്തിയുമുള്ള തലമുറ രാജ്യത്തിന് മുതൽകൂട്ടാകുമെന്ന് കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി ബഹ്റൈനിലും പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് ആശാവഹമാണെന്നും കാബിനറ്റ് വിലയിരുത്തി. ബിരുദമേറ്റുവാങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും ആശംസകൾ നേരുകയും ചെയ്തു. കുവൈത്തിലെ പുതിയ സർക്കാർ രൂപവത്കരണം കാബിനറ്റ് സ്വാഗതം ചെയ്തു. ശൈഖ് ഡോ. മുഹുമ്മദ് സബാഹ് അസ്സാലിഹം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റിന് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. വഞ്ചന തടയുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് വ്യാപാര, വ്യവസായ മന്ത്രാലയവും ബഹ്റൈനും തമ്മിൽ കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. യുവജന മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ബഹ്റൈനും അമേരിക്കയും തമ്മിൽ കരാറിൽ ഒപ്പുവെക്കാനുള്ള നിർദേശത്തിന് അംഗീകാരമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു