കട്ടപ്പന ∙ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പൊലീസ്. വാഴവര മോർപ്പാളയിൽ എം.ജെ.ഏബ്രഹാമിന്റെ ഭാര്യ ജോയ്സ് ഏബ്രഹാമിന്റെ (52) മരണത്തിലാണു പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞാണു ഏബ്രഹാമിന്റെ സഹോദരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ സ്വിമ്മിങ് പൂളിൽ ജോയ്സിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
മകനൊപ്പം കാനഡയിലായിരുന്ന ജോയ്സും ഭർത്താവും നാട്ടിലെത്തിയശേഷം ഷിബുവിനും കുടുംബത്തിനുമൊപ്പം താമസിക്കുമ്പോഴായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. വീടിന്റെ അടുക്കളയിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഡീസലിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. അവിടെ നിന്ന് 25 മീറ്ററോളം അകലെയുള്ള സ്വിമ്മിങ് പൂളിലാണു മൃതദേഹം കണ്ടത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് ജോയ്സിന്റെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. തുടർന്നു കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്.