കുവൈത്ത് സിറ്റി: രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിക്കാനും പൗരന്മാരുടെ പരാതികൾ നേരിട്ട് കേൾക്കാനും കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ വ്യക്തമാക്കി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സനും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രിയുടെ വിശദീകരണം.
രാജ്യത്തിന്റെ പുരോഗതിക്കായി അഭിലഷണീയമായ നിയമങ്ങൾ രൂപീകരിക്കപ്പെടുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും പൊതു സേവനങ്ങൾക്കും കുവൈത്ത് വിഷൻ 2035 കൈവരിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോ.നൂറ അൽ മഷാൻ കൂട്ടിച്ചേർത്തു.
രൂപീകരിച്ച ചട്ടങ്ങളും പരിഗണനയിലുള്ളവയും യോഗത്തിൽ ചർച്ച ചെയ്തതായി കൗൺസിൽ ചെയർപേഴ്സൺ അബ്ദുല്ല അൽ മെഹ്രി പറഞ്ഞു. പൊതു ശുചീകരണം, മാലിന്യസംസ്കരണം, പുനരുപയോഗം, പൊതു ജോലികൾ നിർവഹിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു