മനാമ: ആറു ഭൂഖണ്ഡങ്ങളായി 32 രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവന്ന ലോകസഞ്ചാരിയെ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ആദരിച്ചു. ബഹ്റൈനിലടക്കം ബിസിനസ് നടത്തുന്ന ഹരി ചെറുകാട്ടിനെയാണ് ആദരിച്ചത്. അന്റാർട്ടിക്ക അടക്കം സന്ദർശിച്ചാണ് അദ്ദേഹം തിരികെയെത്തിയത്. പൊതുപ്രവർത്തകരും ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദനൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ, സാമൂഹിക പ്രവർത്തകരായ പ്രഫ. കെ.പി. ശ്രീകുമാർ, ഇ.വി. രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, ഡബ്ലു.എം.സി ട്രഷറർ ഹരീഷ് നായർ, സുജിത് കൂട്ടല, വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ലു. .എം.സി ബഹ്റൈൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി അനു അലൻ നന്ദിയും പറഞ്ഞു.
1996ൽ ദുബൈയിൽ എത്തിയ ഹരി ചെറുകാട് 1998 മുതൽ 2004 വരെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലും കേരളീയ സമാജത്തിലും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ ദുബൈ, ബഹ്റൈൻ, ഒമാനടക്കം രാജ്യങ്ങളിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ബിസിനസ് രംഗത്ത് സജീവമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു