റിയാദ്: ‘ബിൽക്കീസ് ബാനു: കോടതിവിധിയുടെ പശ്ചാത്തലത്തില്’ എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ റിയാദ് വനിത വിഭാഗം ഓൺലൈൻ ചർച്ചസംഗമം സംഘടിപ്പിച്ചു. വിമൻ ജസ്റ്റീസ് മൂമെന്റ് സ്റ്റേറ്റ് പ്രസിഡൻറ് വി.എ. ഫായിസ മുഖ്യപ്രഭാഷണം നടത്തി.
വെറുപ്പിനെ ആയുധമാക്കി ഫാഷിസം ഭരിക്കുന്ന കാലത്ത് നിരന്തരമായ നീതി നിഷേധങ്ങൾക്കിടയിൽ രാജ്യത്തെ സ്ത്രീകളുടെ മുഴുവൻ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ മുഖം മറക്കാതെ ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടമാണ് യഥാർഥ നാരീശക്തിയെന്ന് ഫായിസ അഭിപ്രായപ്പെട്ടു.
ഗുജറാത്ത് മുസ്ലിം വംശഹത്യയിലെ കുറ്റകൃത്യങ്ങളിൽ സമാനതകളില്ലാത്ത ക്രൂരമായ പീഡനത്തിനും അക്രമത്തിനും ഇരയായ ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തിനും നിശ്ചയദാർഢ്യത്തിനും ലഭിച്ച അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ റിയാദ് സെക്രട്ടറി ഷഹനാസ് സാഹിൽ അധ്യക്ഷത വഹിച്ചു.
ഫാഷിസ്റ്റ് ഭരണകൂടം കേസ് അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടും നീതിക്കുവേണ്ടി ഒരു 21കാരി നടത്തിയ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടം ഇന്ത്യൻ നീതിന്യായ വ്യവഹാരത്തിെൻറ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരു ഏടാണെന്ന് അവർ പറഞ്ഞു.
പ്രവാസി വെൽഫെയർ പ്രവർത്തക ജസീറ അജ്മൽ, എഴുത്തുകാരി സഫ ഷൗക് എന്നിവർ സംസാരിച്ചു. വിമൻ ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി റുഖ്സാന ഇർഷാദ് സ്ത്രീശാക്തീകരണത്തിന് വേണ്ടി സംഘടന നാട്ടിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് സംസാരിക്കുകയും വനിതകളിൽ രാഷ്ട്രീയമായ അവബോധം സൃഷ്ടിക്കാൻ സഹായകമായ പരിപാടികൾ നിരന്തരം സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഹസ്ന അയൂബ്ഖാൻ ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ടി.പി. ആയിഷ സ്വാഗതവും അഫ്നിത അഷ്ഫാഖ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു