തിരുവനന്തപുരം: ടെക്കികളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ പന്ത്രണ്ടാമത് എഡിഷന് സമാപനം. ഫെസ്റ്റിവലിന്റെ സമാപന ദിവസം ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ഹ്രസ്വചിത്ര മത്സരവും പുരസ്കാര വിതരണ ചടങ്ങും സിനിമാപ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിനകത്തും പുറത്തു നിന്നുമായി 23 ഹ്രസ്വചിത്രങ്ങള്‍ മാറ്റുരച്ച മേളയില്‍ അരുണ്‍ ദേവ് സംവിധാനം ചെയ്ത ‘കാണാവലയം’ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകന് ടി കെ രാജീവ്കുമാര്‍ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. നടി സജിത മഠത്തില്‍ അധ്യക്ഷയും സംവിധായകരായ ഷിനോസ് റഹ്മാന്, ഫാസില്‍ റസാക്ക് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.
ചടങ്ങില്‍ പ്രതിധ്വനി ഫിലിം ക്ലബ് കണ്‍വീനര്‍ അശ്വിന് എം. സി. അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗാര്‍ലിന്‍ വിന്‍സെന്റ് സ്വാഗതം ആശംസിച്ചു. ക്വിസ ഫെസ്റ്റിവലിന്റെ മെന്ററും വിഖ്യാത ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം എഫ് തോമസ്, ജൂറി ചെയര്‍പേഴ്സനായ സജിത മഠത്തില്‍, കേരള വിഷന്‍ സി ഒ ഒ പദ്മകുമാര്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ രോഹിത് കെ, പ്രതിധ്വനി ടെക്നോപാര്‍ക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
ജനുവരി 8 മുതല്‍ 19 വരെ നടന്ന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി കലാമൂല്യവും ജനപ്രിയവുമായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍, തോല്പാവക്കൂത്ത്, വിവിധ ബില്ഡിങ്ങുകളില് ഫിലിം ക്വിസ്, സംഗീത പരിപാടികള്‍ എന്നിവയും അരങ്ങേറി. ജനുവരി 20 നായിരുന്നു ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും പുരസ്കാരവിതരണവും.
കാണാവലയത്തിന്റെ സംവിധാനം നിര്‍വഹിച്ച കൊച്ചിയിലെ സര്വേസ്പാരോയിലെ (SurveySparrow) അരുണ്‍ദേവാണ് മികച്ച സംവിധായകന്. മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ടാറ്റാ എല്‍ക്സിയിലെ ( Tata elxsi) രമേശ് സുകുമാരന്‍ സംവിധാനം ചെയ്ത ‘സ് ക്കോച്ച് വിസ്കി’ ആണ്. ‘
സ് ക്കോച്ച് വിസ്കി’ യിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം പ്രവീണ്‍ കുമാര്‍ (ടാറ്റാ എല്‍ക്സി – Tata elxsi) നേടി. മികച്ച ഛായാഗ്രഹണം: രാംഷി കെ. ചിത്രം – ‘ദി സൈക്കിള്‍’, സംവിധാനം – അമിത് വേണുഗോപാല്‍ (എന്‍വെസ്റ്റ്നെറ്റ്, Envestnet). മികച്ച എഡിറ്റിംഗ്: അച്ചുത് ഗിരി ( ‘വീണ്ടും ഒരു ആദ്യരാത്രി’, സംവിധാനം പ്രദീപ് ജോസഫ്).
മികച്ച നടിയ്ക്കുള്ള അഭിമന്യു രാമാനന്ദന്‍ മെമ്മോറിയല്‍ അവാര്‍ഡിന് ആദിത്യ രഘു(അലയന്‍സ് – Allianz) അര്‍ഹയായി. രാഹുല്‍ രഘുവരന് സംവിധാനം ചെയ്ത ‘വസുമതി’ യിലെ അഭിനയമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. മികച്ച നടനുള്ള അഭിമന്യു രാമാനന്ദന്‍ മെമ്മോറിയല്‍ അവാര്‍ഡ് ‘സ് ക്കോച്ച് വിസ്കി’ യിലെ അഭിനയത്തിലൂടെ പ്രേംജിത്തിന് (ടാറ്റാ എല്‍ക്സി – Tata elxsi) ലഭിച്ചു.
ബ്ലോക്ക്ബെസ്റ്ററിലെ പ്രകടനത്തിന് യുഎസ്ടി ഗ്ലോബലിലെ (UST Global) പ്രദീപ് ജോസഫ് സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് അര്‍ഹനായി. എലൈറ്റ് സൊല്യൂഷന്‍സിലെ (Alight Solutions) ധന്യ പാര്‍വതി സംവിധാനം നിര്‍വഹിച്ച ‘മൈ സ്റ്റോറി’, യുഎസ്ടി ഗ്ലോബലിലെ (UST Global) സന്ദീപ് ചന്ദ്രന്റെ ‘സ്നേഹ വന്നു’ എന്നീ ചിത്രങ്ങള്‍ക്കും സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു.
വ്യൂവേഴ്സ് ചോയിസ് അവാര്‍ഡ് സന്ദീപ് ചന്ദ്രന്റെ ‘സ്നേഹ വന്നു’ ഹ്രസ്വചിത്രത്തിനാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ