മനാമ: ബഹ്റൈൻ യൂനിവേഴ്സിറ്റി ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ 25ാമത് സനദ്ദാനച്ചടങ്ങിൽ 3,000ത്തോളം വിദ്യാർഥി-വിദ്യാഥിനികൾ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ, ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി, യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി എന്നിവരെ കൂടാതെ അക്കാദമിക പ്രമുഖർ, രക്ഷിതാക്കൾ, ക്ഷണിക്കപ്പെട്ടവർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളെ വിദ്യാഭ്യാസമന്ത്രി അനുമോദിക്കുകയും രാജ്യത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാകാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 1986 ൽ ആരംഭിച്ച ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽനിന്ന് ഇതേവരെയായി 92,000 പേർ പഠനം പൂർത്തിയാക്കിയതായി റെക്ടർ ഡോ. ഫുആദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു