ദോഹ: ‘അൽ ബെയ്ത് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാകും. അവിടെ ഗോൾ നേടും. ആരാധകർക്ക് സന്തോഷം പകരുന്ന ഫലമുണ്ടാകും’-ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ സിറിയക്കെതിരെ ചൊവ്വാഴ്ച ബൂട്ടുകെട്ടാൻ ഒരുങ്ങുംമുമ്പ് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിന്റെ വാക്കുകൾ. നിർണായകമായ മത്സരത്തിനുള്ള ഒരുക്കത്തിനിടെ ദോഹ മുശൈരിബിലെ മീഡിയ സെന്ററിൽ പ്രീമാച്ച് വാർത്ത സമ്മേളനത്തിൽ കോച്ച് ഇതു പറയുമ്പോൾ അരികിലിരുന്ന് നായകൻ സുനിൽ ഛേത്രിയും ശരിവെക്കുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികൾക്കു മുന്നിൽ ഗോളുകൾ വാങ്ങിക്കൂട്ടി തോൽവി വഴങ്ങിയ ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പയാണ് ചൊവ്വാഴ്ച സിറിയക്കെതിരായ അങ്കം. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് (ഖത്തർ സമയം ഉച്ച 2.30ന്) ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന വേദിയെന്ന നിലയിൽ ശ്രദ്ധേയമായ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ മുറ്റത്താണ് ഇന്ത്യയുടെ വീറുറ്റ അങ്കം.
Read also: ഏഷ്യൻ കപ്പ്: സഹൽ തിരികെയെത്തും
ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് 2-0ത്തിനും രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ 3-0ത്തിനും തോറ്റ ഇന്ത്യക്ക് ജയിക്കാനോ പോയന്റ് നേടാനോ ആയില്ല എന്നതിനപ്പുറം ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ലെന്ന നാണക്കേടുമുണ്ട്. ഇതിന് മൂന്നാം അങ്കത്തിൽ പരിഹാരം കാണുമെന്നാണ് കോച്ചിന്റെ വാക്ക്.
ആദ്യ മത്സരത്തിൽ ടീം പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ് കരുത്തരായ സോക്കറൂസിനെതിരെ തോൽവിയുടെ ആഘാതം കുറച്ചുവെങ്കിലും, രണ്ടാം അങ്കത്തിൽ തീർത്തും പിടിവിട്ടു. മൂന്നു മാറ്റങ്ങളുമായി മധ്യനിരയിൽ മുന്നേറിക്കളിക്കാൻ ശേഷിയുള്ള താരങ്ങളുമായിറങ്ങിയെങ്കിലും ടീമിന് 3-0ത്തിനായിരുന്നു ഉസ്ബകിനെതിരെ തോൽവി. ഇതോടെ, ഗ്രൂപ്പിൽ നിന്നും രണ്ടു ജയങ്ങളുമായി ആസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. നാല് പോയന്റുമായി ഉസ്ബകിസ്താനും സേഫ് സോണിലാണ്. എന്നാൽ, ഒരു പോയന്റുള്ള സിറിയക്കും ‘സീറോ’ബാലൻസുമായി കാത്തിരിക്കുന്ന ഇന്ത്യക്കും ഇന്ന് ജയിച്ചാലേ നാണക്കേട് മായ്ക്കാൻ കഴിയൂ. ജയിച്ച് മൂന്ന് പോയന്റ് നേടിയാലും മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിക്കാനുമാവില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു