മനാമ: കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവുണ്ടായതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, ഗാർഹിക കേസുകൾ എന്നിവയിലാണ് കുറവുണ്ടായത്.
ശക്തമായ കുടുംബ ബന്ധം, സാമൂഹിക അവബോധം, നിയമങ്ങളെ കുറിച്ചുള്ള ശരിയായ ധാരണ എന്നിവ കേസുകളുടെ എണ്ണം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ലഭിച്ച പരാതികളിൽ 99 ശതമാനവും കൈകാര്യംചെയ്യാനും സാധിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങളുമായി ധാരണപത്രത്തിൽ ഒപ്പുവെക്കാനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി നടപടികൾ, പ്രോസിക്യൂഷൻ രീതികൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത്തരം കരാറുകൾ വഴി സാധിക്കുമെന്നാണ് കരുതുന്നത്. ആധുനിക സാങ്കേതികരീതികൾ അവലംബിച്ച് കേസുകൾ കൈകാര്യം ചെയ്തതിനാലാണ് ഉയർന്ന പൂർത്തീകരണ നിരക്കിലെത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോർജിയ, ചൈന, ബ്രിട്ടൻ, റഷ്യ, തുർക്കിയ, മൊറോക്കോ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുമായി നിയമ മേഖലകളിൽ സഹകരിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതിന് കഴിഞ്ഞ വർഷം സാധിച്ചു.
കേസുകളിൽ വാദം കേൾക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ഉപയോഗപ്പെടുത്തുന്നതിനാണ് ചൈനയുമായി കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും മികവുറ്റ മാർഗത്തിലൂടെ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ കണ്ടെത്തുന്നതിനും നിർമിത ബുദ്ധി ഉപയോഗപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു