മനാമ: ബഹ്റൈൻ തുറമുഖത്ത് രണ്ട് യു.കെ റോയൽ നേവി കപ്പലുകൾ കൂട്ടിയിടിച്ചതിന്റെ കാരണം സംബന്ധിച്ച് ബ്രിട്ടീഷ് നാവിക വിദഗ്ധർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് ബ്രിട്ടീഷ് നേവിയുടെ യുദ്ധക്കപ്പൽ എച്ച്.എം.എസ് ചിഡിംഗ്ഫോൾഡ് മറ്റൊരു യുദ്ധക്കപ്പലായ എച്ച്.എം.എസ് ബാംഗോറുമായി കൂട്ടിയിടിച്ചത്.
കപ്പലുകൾ കൂട്ടിയിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം മാത്രമാണെന്നും ഇരു കപ്പലുകളിലെയും ജീവനക്കാർക്ക് പരിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങൾ സംബന്ധിച്ച് എൻജിനീയർമാർ പരിശോധന നടത്തുന്നുണ്ട്.
ഗൾഫിലും ഇന്ത്യൻ മഹാസമുദ്രത്തിലും യു.കെയുടെ ദീർഘകാല സാന്നിധ്യമായ ഓപറേഷൻ കിപിയോണിന്റെ ഭാഗമായാണ് രണ്ട് കപ്പലുകളും ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുകയും കപ്പൽ പാതയിൽ സഞ്ചാരം സുഗമവും സുരക്ഷിതമാക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ഇരു കപ്പലുകളും നിർവഹിക്കുന്നത്. 1983ൽ കമീഷൻ ചെയ്ത എച്ച്.എം.എസ് ചിഡിംഗ്ഫോൾഡ്, റോയൽ നേവിയിലെ എട്ട് ഹണ്ട്-ക്ലാസ് മൈൻ ഹണ്ടർമാരിൽ ഒന്നാണ്. സേനയിലെ ഏഴ് സാൻഡൗൺ ക്ലാസ് മൈൻ കൗണ്ടർ-മെഷേഴ്സ് വെസലുകളിൽ ഒന്നാണ് എച്ച്.എം.എസ് ബാംഗോർ. ഇത് 1999 മുതൽ സേവനത്തിലുണ്ട്. ആളില്ലാത്ത അണ്ടർവാട്ടർ വെഹിക്കിളും മൈൻ ക്ലിയറൻസ് ഡൈവർമാരുമടങ്ങുന്ന ടീമാണ് മൈനുകൾ കണ്ടെത്തുകയും നശിപ്പിക്കുന്നത്. രണ്ട് കപ്പലുകളും ഫൈബർഗ്ലാസും മറ്റ് നോൺ-ഫെറസ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു