മഡ്രിഡ്: സ്പാനിഷ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണക്കും റയൽ മഡ്രിഡിനും ജയം. ബാഴ്സലോണ റയൽ ബെറ്റിസിനെ 4-2ന് തകർത്തപ്പോൾ, അൽമേരിയക്കെതിരെ 3-2നാണ് റയലിന്റെ ജയം.
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ ഫെറാൻ ടോറസിന്റെ ഹാട്രിക് മികവിലാണ് ബാഴ്സലോണ റയൽ ബെറ്റിസിനെ തകർത്തുവിട്ടത്. 21, 48, ഇൻജുറി ടൈമിലെ രണ്ടാം മിനുട്ട് എന്നീ സമയങ്ങളിലായിരുന്നു ടോറസിന്റെ ഗോളുകൾ. 90ാം മിനുട്ടിൽ ജാവോ ഫെലിക്സും ഗോൾ നേടി. റയൽ ബെറ്റിസിനായി രണ്ടുഗോളും നേടിയത് ഇസ്കോയാണ് (56, 59 മിനുട്ട്).
Read also: 1988 ജനുവരി 22ൽ ബ്രയൻ ലാറയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം
അൽമേരിയക്കെതിരായ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കരുത്തരായ റയൽ മഡ്രിഡ് വിജയത്തിലേക്കെത്തിയത്. ഒന്നാം മിനുട്ടിൽ തന്നെ ലാർജി റമസാനി അൽമേരിയയെ മുന്നിലെത്തിച്ചു. 43ാം മിനുട്ടിൽ എൽദാർ ഗോൺസാലസും ഗോൾ നേടിയതോടെ അൽമേരിയ രണ്ട് ഗോളിന് മുന്നിൽ. എന്നാൽ, രണ്ടാം പകുതിയിൽ റയൽ തിരിച്ചടിച്ചു.
റയലിന് വേണ്ടി 57ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം പെനാൽറ്റി ഗോൾ നേടി. 67ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ സമനില ഗോൾ നേടി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ചെങ്കിലും ഇഞ്ച്വറി ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ഡാനി കാർവഹാളിലൂടെ റയല്‍ വിജയഗോള്‍ നേടി. പോയിന്റ് ടേബിളിൽ ബാഴ്സലോണ 44 പോയിന്റുമായി മൂന്നാമതും റയൽ മഡ്രിഡ് 51 പോയിന്റുമായി രണ്ടാമതുമാണ്. 52 പോയിന്റുമായി ജിറോണയാണ് ഒന്നാം സ്ഥാനത്ത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക