1988 ജനുവരി 22ന് ലീവാർഡ് ഐലൻഡിനെതിരെ ട്രിനിഡാഡ്-ടുബേഗോക്കായാണ് ബ്രയൻ ലാറ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചത്. 1969 മേയ് രണ്ടിന് ട്രിനിഡാഡിലെ സാന്താക്രൂസിൽ ജനിച്ച ബ്രയൻ ചാൾസ് ലാറ എന്ന ബ്രയാൻ ലാറ കളിയരങ്ങിൽ നൃത്തച്ചുവടുകളുടെ നിത്യവിസ്മയമൊരുക്കിയ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയൻ ബാറ്റ്സ്മാനാണ്. 131 ടെസ്റ്റുകൾ കളിച്ച ലാറ 34 സെഞ്ച്വറികൾ അടക്കം 11,953 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ പുറത്താകാതെ 400 റൺസെടുത്ത് റെക്കോഡിട്ട ഇതിഹാസം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അഭേദ്യനായി 501 റൺസെടുത്ത് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
ഏകദിനത്തിൽ 298 മത്സരങ്ങൾ കളിച്ച ലാറ 19 സെഞ്ച്വറികൾ ഉൾപ്പെടെ 10,387 റൺസ് നേടിയിട്ടുണ്ട്. 17 വർഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ച ലാറ കരീബിയൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2007 ഏപ്രിൽ 21ന് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2012ൽ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക