അയോധ്യ: രാമജന്മഭൂമിയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ.പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി,പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.കനത്ത സുരക്ഷാവലയത്തിലാണ് ക്ഷേത്രപരിസരം.10.55-ഓടെ ക്ഷേത്രത്തിൽ എത്തും. അയോധ്യ ചടങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ. ഒരുമണിക്ക് ക്ഷണിക്കപ്പെട്ടഅതിഥികളെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2.10-ന് പ്രധാനമന്ത്രി കുബേർ തീലയിലെ ശിവക്ഷേത്രം സന്ദർശിക്കും.

അയോധ്യയിൽ പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും ആഘോഷങ്ങൾക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു.
നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.
വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
ശാസ്ത്രീയസംഗീതോപകരണങ്ങളാൽ വാദ്യമേളുടെ അകമ്പടിയും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉണ്ടാകും. പരമ്പരാഗത സംഗീതോപകരണങ്ങളാണ് ഇതിൽ ഉപയോഗിക്കുക. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ കലാകാരന്മാരുടെ ഓടക്കുഴൽ, ധോലക്, കർണാടകയിൽനിന്നുള്ള വീണ, മഹാരാഷ്ട്രയുടെ സുന്ദരി, പഞ്ചാബിന്റെ അൽഗോസ, ഒഡിഷയുടെ മർദാല, മധ്യപ്രദേശിന്റെ സന്തൂർ, മണിപ്പൂരിന്റെ പങ്, അസമിന്റെ നഗാഡയും കാളിയും, ഛത്തീസ്ഗഢിന്റെ താംബൂര, ബിഹാറിന്റെ പക്കവാജ്, ഡൽഹിയുടെ ഷെഹനായി, രാജസ്ഥാന്റെ രാവൺഹാഠ എന്നിവയുണ്ടാകും. കൂടാതെ, ബംഗാളിൽനിന്നുള്ള ശ്രീഖോൽ, സാരോദ്, ആന്ധ്രാപ്രദേശിന്റെ ഘടം, ഝാർഖണ്ഡിന്റെ സിത്താർ, തമിഴ്‌നാടിന്റെ നാദസ്വരവും മൃദംഗവും, ഉത്തരാഖണ്ഡിന്റെ ഹുദ്ക എന്നിവയും ചടങ്ങിന് മാറ്റുകൂട്ടും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















