കെ.കെ ശ്രീനിവാസൻ
ഇന്ന് 2024 ജനുവരി 22. അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ. സനാതന ഹിന്ദുധർമ്മത്തിലെ ഉന്നത ആത്മീയ ആചാര്യർ ജഗത്ഗുരു ശങ്കരാചാര്യന്മാർ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ലെന്ന് ആഗോളതലത്തിൽ ഹിന്ദു സംരക്ഷണ പോരാട്ടത്തിലേറിയിട്ടുള്ള ഹിന്ദുത്വ അനുകൂല പോർട്ടൽ ദി സ്ട്രഗിൾ ഫോർ ഹിന്ദു എക്‌സിസ്‌റ്റൻസ് റിപ്പോർട്ട് (2024 ജനുവരി ഏഴ്).
ചടങ്ങിൽ പങ്കെടുക്കുകയില്ലെന്ന് പുരി ഗോവർദ്ധനമഠ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി ആദ്യമേ വ്യക്തമാക്കിയിരുന്നു.
അയോദ്ധ്യ ക്ഷേത്ര നിർമ്മാണ പൂർത്തീകരണം ഇനിയും ബാക്കി. എന്നിട്ടും പ്രതിഷ്ഠാചടങ്ങ്. ഇത് ഹൈന്ദവ ശാസ്ത്ര വിധിക്ക് വിരുദ്ധം. ക്ഷേത്ര പ്രതിഷ്ഠാകർമ്മങ്ങൾ ആദ്യാവസാനം വരെ ഹൈന്ദവ താന്ത്രികവിധി പ്രകാരമുള്ള അനുഷ്ഠാന – പൂജാവിധികൾ പാലിച്ചായിരിയ്ക്കണമെന്നാണ് വിശ്വാസം.
ഈ വിശ്വാസ പ്രമാണങ്ങൾക്കു വിരുദ്ധമായാണ് നരേന്ദ്രമോദിക്ക് പ്രാമുഖ്യം നൽകിയുള്ള അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠ. പ്രതിഷ്ഠാകർമ്മത്തിൽ ശങ്കരാചാര്യമാർ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ദി സ്ട്രഗിൾ ഫോർ ഹിന്ദു എക്‌സിസ്‌റ്റൻസ് വ്യക്തമാക്കുന്നു.
ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം. ക്ഷേതൃ എന്ന പദത്തിനർത്ഥം ശരീരം. ആകാരമുള്ളത് എന്നർത്ഥം. ദൈവത്തിന് രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്നിടം ക്ഷേത്രം.
ഹൈന്ദവ വിധി പ്രകാരമുള്ള ക്ഷേത്ര സങ്കല്പങ്ങൾക്കനുസൃതമായോണാ അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠ? പൂർണാകാര രൂപത്തിലെത്താത്ത നിർമ്മിതിയെങ്ങനെ ക്ഷേത്രമാകും? പാതി ശരീരത്തിൽ പ്രാണമന്ത്രം ഫലിക്കുമോ? പ്രാണമന്ത്രം ഫലിയ്ക്കപ്പെടാതെങ്ങനെ വിഗ്രഹത്തിൽ ജീവചൈതന്യം കൈവരും?
പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായി കേവലം രാഷ്ട്രീയക്കാരനായ നരേന്ദ്രമോദി നിശ്ചയിക്കപ്പെട്ടതിൻ്റെ പൊരുളെന്ത്? ഹിന്ദുത്വ സംസ്ഥാപനാർത്ഥം അധികാര രാഷ്ട്രീയത്തിലൂന്നി ഹൈന്ദവ സമൂഹത്തിൻ്റെ വിശ്വാസത്തെ വ്രണപ്പെടുത്തികൊണ്ടല്ലേ പണിതീരാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ? ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടു സമാഹരണമെന്നതല്ലേ അപൂർണ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിലൂടെ മോദി – ബിജെപി – ആർ എസ്എസ് വൃന്ദത്തിൻ്റെ ഉന്നം?
വിശ്വാസികളായ ഹൈന്ദവ സമൂഹത്തിൻ്റെ ഇത്തരം സന്ദേഹങ്ങൾ ദൂരികരിക്കുവാൻ മോദി – ബിജെപി – സംഘപരിവാർ വൃന്ദം തയ്യാറല്ല. ഇത്തരമൊരു അനഭിലഷണിയ സാഹചര്യം തന്നെയായിരിയ്ക്കണം പ്രതിഷ്ഠാചടങ്ങിൽ സന്നിഹിതരാകേണ്ടതില്ലെന്ന തീരുമാനമെടുക്കുവാൻ കോൺഗ്രസിനെയും നിർബ്ബന്ധിതമാക്കിയത്.
കോൺഗ്രസിനെതിരെ ദുഷ്പ്രചരണം
പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിലൂടെ കോൺഗ്രസ് ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസത്തെ അവഹേളിച്ചുവെന്ന ദുഷ്പ്രചരണത്തിലാണ് സംഘപരിവാർ. ഭൂപരിക്ഷ സമുദായ താല്പര്യങ്ങൾക്ക് കോൺഗ്രസ് എതിരെന്ന് ബോധപൂർവ്വം വരുത്തിതീർക്കുകയെന്നതാണ് സംഘപരിവാരിൻ്റെ ഈ ദുഷ്പ്രചരണത്തിന് പിന്നിൽ.
ദൈവിക വിഷയങ്ങളിൽ ഭൂപരിപക്ഷ – ന്യൂനപക്ഷ ഭേദമില്ലാതെ വിശ്വാസി സമൂഹത്തോടൊപ്പമാണ് എക്കാലവും കോൺഗ്രസെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതല്ലേ.
അയോദ്ധ്യക്ഷേത്ര പ്രതിഷ്ഠാകർമ്മങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൻ്റെ കാരണം ഇതിനകം കൃത്യതയോടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ആരാധാനാ മൂർത്തിയാണ് ശ്രീരാമൻ.
മതം വൈയക്തികം. പണിതീരാത്ത ക്ഷേത്ര പ്രതിഷ്ഠാപനം തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബിജെപിയുടെ തന്ത്രംമാത്രമാണ്. ഇതുകൊണ്ടൊക്കയാണ് പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസഡ ചേർന്നതെന്നു വിശദികരിക്കപ്പെട്ടിട്ടുണ്ട്.
ആർഎസ്എസ് – ബിജെപി – മോദി വൃന്ദത്തിൻ്റെ ഹിന്ദുത്വ രാഷ്ട്രീയ കസർത്തുമാത്രമാണ് പ്രതിഷ്ഠാചടങ്ങ്. ഇവിടെയാണ് ഭൂപരിക്ഷ സമുദായത്തിൻ്റെ മറയിൽ സംഘടിപ്പിക്കപ്പെടുന്ന അധികാര രാഷ്ട്രിയ കസർത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനം ശരിവൽക്കരിക്കപ്പെടുന്നത്. ഈ ശരി പക്ഷേ ഭൂരിപക്ഷ സമുദായ താല്പര്യത്തിന് വിരുദ്ധമെന്ന നിലയിൽ വക്രീകരിക്കപ്പെടുന്നു! ഇതിന് പിന്നിലെ ഹിന്ദുത്വ പ്രായോജകരുടെ സങ്കുചിത രാഷ്ട്രീയം തിരിച്ചറിയപ്പെടാതിരിയ്ക്കില്ല.
രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെ നിരാകരിച്ച് പ്രത്യേക സമുദായത്തെ ബോധപൂർവ്വം പ്രതിക്കൂട്ടിലാക്കുക. ഹൈന്ദവ വികാരത്തെ ഹിന്ദുരാഷ്ട്ര സം സ്ഥാപനാർത്ഥം ഹിന്ദുത്വയിലേക്ക് വഴിതെറ്റിക്കുക. ഇതിലൂടെയെല്ലാം ഹിന്ദുത്വ കേന്ദ്രീകൃത അധികാര രാഷ്ട്രീയത്തിൻ്റെ അടിത്തറ ദൃഢപ്പെടുത്തുന്ന തിൻ്റെ വിപുലമായ സാധ്യതകളാണ് ആർഎസ് എസ് – ബിജെപി – മോദി വൃന്ദം തിരയുന്നതെന്ന് പകൽ പോലെ വ്യക്തം!
ഹിന്ദുത്വയിലൂന്നി അധികാര രാഷ്ട്രീയ സംസ്ഥാപന ദിശയിൽ സംഘപരിവാറിൻ്റെ അടുക്കളയിൽ വേവിച്ചെടുക്കപ്പെട്ട ആസൂത്രണത്തിൻ്റെ ആവി ഷ്ക്കാരമായാണ് 1992 ഡിസംബർ ആറിന് ബാബ്റി മസജിദ് തകർക്കപ്പെട്ടത്. ഹിന്ദുത്വ താല്പര്യ സംരക്ഷണാർത്ഥം അപനിർമ്മിച്ചെടുക്കപ്പെട്ട ചരിത്രത്തോടൊപ്പം നീതിന്യായ വ്യവസ്ഥ നിലകൊണ്ടതോടെയാകട്ടെ മറ്റൊരു സമുദായത്തിൻ്റെ ആരാധനാലയം തകർക്കത്തിടത്ത് തന്നെ ക്ഷേത്ര ശിലാ ന്യാസവും ഇപ്പോൾ പ്രതിഷ്ഠാകർമ്മവും!
തറക്കല്ലിടൽ കർമ്മം
2020 ആഗസ്ത് അഞ്ച്. ഈ ദിനത്തിലായിരുന്നു രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടൽ കർമ്മം. ഭൂമിപൂജ. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങൾക്കുമേൽ സംഘപരിവാരിൻ്റെ ഹിന്ദുത്വ താല്പര്യങ്ങൾ സംസ്ഥാപിതമാക്കുകയെന്നതിന്റെ പ്രത്യക്ഷ അടയാളം – രാമക്ഷേത്ര നിർമ്മാണം.
ഇന്ത്യൻ മതേതര മൂല്യങ്ങൾക്ക് രാജ്യത്തിന്റെ പരമോന്നത നീതിപീഠം വക ഒരു തിരുത്ത്. ഈ തിരുത്ത് ഇന്ത്യൻ മതേതരത്വത്തിന്റെ അടിക്കല്ലിളക്കുന്നതായ ആശങ്കകൾക്ക് ആധാരമായി. ഈ ആശങ്കകൾ ഒരു പ്രത്യേക സമുദായത്തിന്റേതുമാത്രമായി തട്ടികിഴിക്കപ്പെടേണ്ടതല്ല. വിശാലവും സമ്പന്നവുമായ ജനാധിപത്യ സമൂഹത്തിൻ്റേതാണ് ഈ ആശങ്കകൾ.
ഈ ജനാധിപത്യ സമൂഹം അപ്പാടെ അവഗണിക്കപ്പെട്ടിടത്താണ് 2020 ആഗസ്ത് അഞ്ചിന് രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടൽ കർമ്മം നടന്നത്.
ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കാർമ്മികത്വത്തിൽ തീർത്തും മതപരമായ ചടങ്ങ്. മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലോ നിരുത്സാഹപ്പെടുത്തുന്നതിലോ ഭരണകൂടം ഇടപ്പെടരുതെന്നു ഭരണഘടന പറയുന്ന രാജ്യത്താണ് പ്രധാനമന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭൂമിപൂജ – ശിലാ ന്യാസ ചടങ്ങുകൾ അരങ്ങേറിയത്.
ഇപ്പോഴിതാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങും പ്രധാനമന്ത്രിയുടെ കാർമ്മികത്വത്തിൽ! മതപരമായ വിഷയങ്ങളിലെ ഭരണകൂട ഇടപ്പെടൽ അവശേഷിപ്പിക്കുന്നത് ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ ശേഷക്രിയ പൂർത്തികരിപ്പെട്ടുപോകുന്നുവോയെന്ന അശുഭചിന്തകൾ!
മസ്ജിദ് – മന്ദിർ തർക്കം
ഭൂരിപക്ഷ – ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ തർക്കം. 1853 ലത് കലാപത്തിൽ കലാശിച്ചു.1859 ൽ ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെ ഇടപ്പെടൽ. മധ്യസ്ഥത. മുസ്ലിങ്ങൾക്ക് അകത്ത് ആരാധന. ഹിന്ദുക്കൾക്ക് പുറത്തുമെന്നും വ്യവസ്ഥ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കുതന്ത്രം അയോദ്ധ്യയിലും കൊളോണിയൽ ഭരണകൂടം ഭംഗിയായി പ്രയോഗിച്ചു.
1949 ഡിസംബർ 22 – 23. തർക്കസ്ഥലത്ത് രാമവിഗ്രഹം രഹസ്യമായി പ്രതിഷ്ഠിക്കപ്പെട്ടു. നേരമിരുട്ടിവെളുത്തപ്പോൾ ഹിന്ദുമഹാസഭയുടെ അഭിരാം ദാസ് സംഘം വക ബാബ്റി മസ്ജിദിനുള്ളിൽ ആരാരുമറിയാതെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ. മസ്ജിദ് “പിടിച്ചെടുക്ക”പ്പെട്ട അവസ്ഥ.
തർക്കങ്ങൾ പിന്നെയും ബാക്കി. ഭൂരിപക്ഷ കക്ഷികളുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന സൂചകമെന്ന നിലയിൽ പക്ഷേ രഹസ്യ പ്രതിഷ്ഠ ദിവ്യാത്ഭുതമെന്ന നിലയിൽ തുടർന്നുപോന്ന വ്യവഹാരങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നത് വിചിത്രവും ശ്രദ്ധേയവുമായി.
ആരംഭഘട്ടത്തിൽ മസ്ജിദ് – മന്ദിർ സിവിൽ നിയമ തർക്കമായിരുന്നു. 1980 കളിൽ കണ്ടത് മസ്ജിദ് – മന്ദിർ തർക്കത്തിന് ആഴത്തിലുള്ള ഭാവ പകർച്ച. സിവിൽ തർക്കത്തെ രാഷ്ട്രീയ തർക്കമായി മാറ്റിയെടുക്കുന്നതിനുള്ള കുതന്ത്രങ്ങളാണ് 80’കളിൽ രാജ്യം കണ്ടത്. സംഘപരിവാർ ബിജെപിയി ലൂടെ അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടുന്ന വേളയായിരു ന്നു 80’കൾ.
1951 ഒക്ടോബർ 21 ന് ശ്യാമപ്രസാദ് മുഖർജിയുടെ കാർമികത്വത്തിൽ പിറവിയെടുത്ത ഭാരതീയ ജനസംഘം. 1980 ഏപ്രിൽ ആറ്. ജനസംഘംത്തിൽ നിന്ന് ഭാരതീയ ജനതാപാർട്ടിയിലേക്കുള്ള പരകായ പ്രവേശം. ഹിന്ദുയീസത്തെ പാടേ വഴിതെറ്റിച്ച് ഹിന്ദുത്വ ആശയ പരിസരം സൃഷ്ടിക്കുകയെന്ന തായി പ്രയത്‌നം.
ഹിന്ദുത്വ ആശയം ആത്യന്തികമായി ലക്ഷ്യമിട്ടത് അധികാര രാഷ്ട്രീയം. ഇവിടെയാണ് വിശ്വഹിന്ദു പരിഷത്ത് (വിഎ ച്ച്പി) മുൻകയ്യിൽ നടന്നിരുന്ന രാമജന്മഭൂമി പ്രസ്ഥാനത്തിലും മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിലും ഹിന്ദുത്വ പിൻബല അധികാര രാഷ്ട്രീയ സാധ്യതകൾ ബിജെപി കണ്ടെടുക്കുന്നത്.
അശോക് സിംഗാളിന്റെ നേതൃത്വത്തിൽ വിശ്വഹിന്ദു പരിഷത്താണ് രാമജ ന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കക്കാർ. ആദ്യകാലങ്ങളിൽ വിഎച്ച്പിയുടെ മുഖ്യ ലക്ഷ്യം രാമരാജ്യം. ഇതിൽ നിന്ന് വഴിമാറി തർക്കസ്ഥലത്ത് രാമ ക്ഷേത്ര നിർമ്മാണ തന്ത്രങ്ങൾ.
ബുദ്ധികേന്ദ്രമായത് സിംഗാൾ. ഡൽഹിയിൽ 1984 ഏപ്രിൽ 7- 8 ന് ധർമ്മ സൻസദ്. സിംഗാളിന്റെ നേതൃത്വത്തിൽ നൂറിലധികം സന്ന്യാസിവര്യന്മാർ പങ്കെടുത്ത ധർമ്മ സൻസദാണ് രാമക്ഷേത്ര പുന:നിർമ്മാണമെന്ന മുദ്രാവാക്യമുയർത്തുന്നത്.
എൽകെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ മുൻനിര ബി ജെപി നേതാക്കളും ധർമ്മ സൻസദിൽ പങ്കെടുത്തു. ഈ സൻസദിൽ നിന്നാണ് ഹിന്ദുത്വ പിൻബലത്തിൽ രാമക്ഷേത്ര പുന:നിർമ്മാണമെന്നത്തിലെ അധികാര രാഷ്ട്രീയ സാധ്യതകൾ കൃത്യതയോടെ അദ്വാനിയും കൂട്ടരും വേർതിരിച്ചെടുക്കുന്നത്. പിന്നിട്ട് കണ്ടത് രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ നടത്തിപ്പ് ഏറെക്കുറെ വിഎച്ച്പിയിൽ നിന്ന് ആർഎസ്എസ് പ്രത്യയശാസ്ത്ര പിൻ ബലത്തിലുള്ള ബിജെപി ഏറ്റെടുക്കുന്ന കാഴ്ച!
മണ്ഡൽ വിരുദ്ധ പ്രക്ഷോഭം
രാജ്യം ഭരിച്ചിരുന്നത് വി.പി സിങ് പ്രധാനമന്ത്രിയായുള്ള ജനതാദൾ സർക്കാർ. 1990 ആഗസ്ത് ഏഴ്. നീണ്ട 10 വർഷത്തിനു ശേഷം മണ്ഡൽ കമ്മീ ഷൻ റിപ്പോർട്ട് സിങ് സർക്കാർ പൊടിതട്ടിയെടുത്തു. സർക്കാർ ഉദ്യോഗ – വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്ക സമുദായങ്ങൾ ക്ക് 27 ശതമാനം സം വരണം ഉറപ്പാക്കണമെന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനായി തീരുമാനത്തിലെത്തുകയായിരുന്നു സിങ് സർക്കാർ.
സാമൂഹ്യ നീതി ഉയർത്തിപ്പിടിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ സവർണ ലോബി സടകുടഞ്ഞെഴുന്നേറ്റു. തുടർന്ന് രാജ്യം സാക്ഷ്യം വഹിച്ചത് സവർണ ലോബി ആസൂത്രണം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭം. സവർണ മാധ്യമങ്ങളാകട്ടെ പ്രക്ഷോഭത്തെ ആളിക്കത്തിച്ചു.
സവർണപക്ഷ വിദ്യാർത്ഥി പ്രക്ഷോഭം ഹിന്ദി ബൾറ്റിൽ ഇന്ദ്രപ്രസ്ഥത്തെ അസ്വസ്ഥമാക്കി. പ്രക്ഷോഭം അക്രമാസക്തമായി. തീക്കളിയായി. 1990 സെ പ്തംബർ 19. സവർണലോബി വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ദില്ലി ദേശ ബന്ധു കോളേജ് വിദ്യാർത്ഥി രാജീവ് ഗോസ്വാമിയുടെ ആത്മാഹുതി ശ്രമം. ഇതാകട്ടെ വിപി സിങ് സർക്കാരിനെ ഉലച്ചു.
സംവരണ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഇന്ദിര സാഹനി v/s യൂണിയൻ ഓഫ് ഇന്ത്യ. 1992 ൽ റിപ്പോർട്ടിന്റെ സാധുത ഒമ്പതംഗ സുപ്രീംകോടതി ബഞ്ച് ശരിവച്ചു (AIR 1993 SC 477; 1992 Supp 2 SCR 454). പട്ടികജാതി-വർഗ്ഗ സംവരണമുൾപ്പെടെ സംവരണം 50 ശതമാനത്തിൽ കൂ ടരുതെന്നും പിന്നോക്കക്കാരിലെ സമ്പന്നർക്ക് (ക്രിമിലെയർ) സംവരണം അനുവദിക്കേണ്ടതില്ലെന്നുള്ള നിഷ്കർഷയും വിധിയിലിടം പിടിച്ചു.
മണ്ഡൽ റിപ്പോർട്ടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടതിനോടൊപ്പം തന്നെ രാജ്യത്ത് ഹിന്ദുത്വ ആശയ വ്യാപനം സുസാധ്യമാക്കുന്നതിന്റെ കുത്സിത തന്ത്രങ്ങൾ സംഘപരിവാർ – ബിജെപി അണിയറയിൽ പാകപ്പെടുന്നുണ്ടായിരുന്നു.
രഥയാത്ര
രാമക്ഷേത്ര നിർമ്മാണ പ്രചരണം. ഹിന്ദുത്വ ഏകീകരണം. അധികാര രാഷ്ട്രീയത്തിലേക്കു വഴിതുറക്കൽ. രഥയാത്ര. 1990 സെപ്തംബർ 25. ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിൽ നിന്ന് ഹിന്ദുത്വ പെരുമ്പറ മുഴക്കി ലാൽ കൃഷ്ണ അദ്വാനിയുടെ രഥയാത്ര.
ജനസമ്പർക്ക ചുമതലയേറ്റെടുത്ത് രഥയാത്രയിൽ അദ്വാനിക്കൊപ്പം പ്രമോദ് മഹാജനും. എട്ട് സംസ്ഥാനങ്ങൾ പിന്നിട്ട് ദില്ലി കേന്ദ്രഭരണ പ്രദേശത്ത് (അന്ന് ദില്ലി സംസ്ഥാനമല്ല) രഥയാത്രയുടെ പരിസമാപ്തി. അതോടെ ഹിന്ദുത്വ പിൻബലത്തിൽ അധികാര രാഷ്ടീയ ധ്വജ പ്രതിഷ്ഠ. ഇതെല്ലാമായിരുന്നു രഥയാത്രാ ലക്ഷ്യം.
രഥയാത്ര കണ്ട് ബിജെപിയുടെ പിന്തുണയിൽ ഭരിച്ചിരുന്ന ജനതാദളിന്റെ വിപി സിങ് മന്ത്രിസഭ അസ്വസ്ഥരായി. മസ്ജിദ് – മന്ദിർ തർക്കം ഒത്തു തീർപ്പാകാമെന്ന നിലയിലായി സിങ് സർക്കാർ. ഒരു വേള -1990 ഒക്ടോ ബർ 30 – രഥയാത്രക്കിടെ അദ്വാനി ദില്ലിയിലെത്തി, ഒത്തുതീർപ്പിനായി. മസ്ജിദ് മാറ്റി അവിടെ മന്ദിർ എന്നതിൽ നിന്ന് അദ്വാനി മാറിയില്ല. ഒത്തു തീർപ്പ് വിഫലം.
വീണ്ടും അദ്വാനി രഥയാത്രയിൽ. 1990 ഒക്ടോബർ 10. ബിഹാറിലെത്തിയ രഥയാത്ര തേരാളി അദ്വാനിയെ ലാലു പ്രസാദ് യാദവ് സർക്കാർ തടഞ്ഞു. ഇതിനു തൊട്ടുപിന്നാലെ വിപി സിങ് സർക്കാരിനുള്ള ബിജെപി പിന്തുണ പിൻവലിച്ചു. സിങ് സർക്കാർ നിലംപൊത്തി. ഇവിടെ നിന്നായിരുന്നു ഹിന്ദുത്വയിൽ ഊതിക്കാച്ചിയെടുത്ത അധികാര രാഷ്ട്രീയ സാധ്യതകളിൽ ബിജെപി പിടിമുറുക്കുന്നത്.
ഇന്ത്യൻ അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ ബിജെപിയുമെത്തി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഉത്തർപ്രദേശ് ഭരണം ബിജെപിക്ക് സ്വന്തമായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗുണഫലം കൊയ്‌തെടുത്ത ആദ്യ സംസ്ഥാനം ഉത്തർപ്രദേശ്. കല്യാൺ സിങ് മുഖ്യമന്ത്രി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപുലീകരണത്തിന് പറ്റിയ വേള.
അയോദ്ധ്യയിൽ കർസേവകർ വിന്യസിക്കപ്പെട്ടു. 1992 ഡിസംബർ ആറ്. ബാബ്‌റി മസ്ജിദ് തകർത്തു – അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിൽ. തുടർന്നുണ്ടായ ഹിന്ദു – മുസ്ലീം ലഹളയിൽ പ്രത്യേകിച്ചും ബോംബെ (1993 ജനുവരി 6-10) യിൽ 900 ഓളം ജീവനുകൾ നഷ്ടപ്പെട്ടു. കലാപത്തിൽ പാതി ജീവനെടുക്കപ്പെട്ടവരുടെയും കാണാതായവരുടെയും കണക്കുകളും ചെറുതല്ല.
മസ്ജിദ് തകർത്തതിനെക്കുറിച്ച് ലിബർഹാൻ കമ്മീഷൻ. മുംബെ കലാപത്തെക്കുറിച്ച് അന്വേഷിക്കുവാനും കമ്മിഷൻ – ശ്രീകൃഷ്ണ കമ്മീഷൻ. തെളിവെടുപ്പുകൾ. മൊഴിയെടുക്കലുകൾ. ഒന്നിനുമൊരു കുറവുണ്ടായില്ല.
പള്ളി പൊളിച്ചവർക്കും ബോംബ കലാപ ആസൂത്രകർക്കും പക്ഷേ രാജ്യത്തെ നിയമം അനുശാസിക്കുന്ന അർഹമായ ശിക്ഷ വാങ്ങിനൽകുന്നതിന് ആത്യന്തികമായി ഇപ്പറഞ്ഞ കമ്മീഷൻ റിപ്പോർട്ടുകൾ വഴിയൊരുക്കിയോയെന്ന ചോദ്യം ഇനിയും ബാക്കി!
2019 നവമ്പർ 09
മസ്ജിദ് – മന്ദിർ നിയമ തർക്കം ഒന്നര നൂറ്റാണ്ട്. നീണ്ട വാദങ്ങൾ. നീണ്ട പ്രതിവാദങ്ങൾ. ഒടുവിൽ 2019 നവമ്പർ ഒമ്പത്. കണ്ണുംപൂട്ടിയിരുന്ന നീതി ദേവതയുടെ കൺക്കെട്ട് തുറന്നു. നീതി ദേവതയുടെ ദൃഷ്ടിയിൽ നിന്ന് പക്ഷേ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ മറച്ചുപിടിക്കപ്പെട്ടു. പകരം മതേതര മൂല്യനിരാകരണമെന്നതാണ് നീതിദേവതയുടെ ദൃഷ്ടിഗോചരത്തിൽ ഉയർത്തപ്പെട്ടത്. 1045 പേജുകളിൽ പരമോന്നത നീതിപീഠത്തിന്റെ വിധി.
വ്യക്തതയില്ലാഴ്മ വ്യക്തമാക്കപ്പെടാതെയും ആശയക്കുഴപ്പം ആശയ സമ്പുഷ്ഠമാക്കപ്പെടാതെയും ഏകപക്ഷീയ വിധിയെഴുത്ത്! തർക്കഭൂമിയല്ല വിഷയം. ശ്രീരാമ ജന്മസ്ഥാനമാണെന്ന് വിശ്വാസം. ഹിന്ദുക്കൾ അങ്ങനെ വിശ്വസിക്കുന്നു. ഇത്തരം വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അയോദ്ധ്യ കേസിൽ വിശ്വാസം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമർശമാണിത്.
വിശ്വാസമല്ല പക്ഷേ ഭൂമി തർക്കമാണ് അയോദ്ധ്യവിഷയം. സിവിൽ തർക്കത്തിന്റെ ന്യായാന്യായങ്ങളല്ല വിധി പ്രസ്താവത്തിൽ മുഖ്യമായും പ്രതിഫലിച്ചത്. ഭൂരിപക്ഷ വിശ്വാസ പരിരക്ഷയെന്നതായി വിധി. ഭൂരിപക്ഷ വിശ്വാസ പരിരക്ഷയെന്നതിൽ പക്ഷേ നീതിപീഠത്തിന്റെ പക്ഷപാതിത്വം പതുങ്ങിയിരിക്കുന്നത് കണ്ടുപിടിയ്ക്കാതെ പോയിട്ടില്ല.
അഞ്ചു നൂറ്റാണ്ടായി മുസ്ലിം സമൂഹത്തിന്റെ കൈവശ – ഉടമസ്ഥ ഭൂമി. ബാബരി മസ്ജിദ്. ക്ഷേത്രം തകർത്തിടത്ത് മസ്ജിദ്. പക്ഷേ വിശ്വസനീയ തെളിവ് നിരത്തപ്പെട്ടില്ല. കണ്ടെത്തപ്പെട്ടില്ല. എന്നിട്ടും മസ്ജിദ് സ്ഥിതിചെയ്യപ്പെട്ടിടത്ത് രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി പരമോന്നത കോടതിയുടെ വിധി.
ഇവിടെയാണ് കോടതി വിധിയിൽ നിന്ന് പരമോന്നത നീതിപീഠത്തിന്റെ ഏകപക്ഷീയത നിയമവിദഗ്ദരും സാധാരണക്കാർ പോ ലും വേർതിരിച്ചെടുക്കുന്നത്. സുപ്രീംകോടതി ബഞ്ചിൽ അദ്ധ്യക്ഷത വഹിച്ച അയോദ്ധ്യ വിധി പറഞ്ഞത് രഞ്ജൻഗോഗയ്. വിരമിക്കപ്പെട്ട ഗോഗയ്ക്ക് ബിജെപി വക രാജ്യസഭാംഗത്വം. കാര്യസിദ്ധിക്ക് ഉപകാരസ്മരണ. ഇതാകട്ടെ കോടതി വിധിയിലെ പക്ഷപാതിത്വമെന്നതിനെ പിന്നെയും ബലപ്പെടുത്തുന്നതായി.
കണ്ണടച്ച് നീതി നിർവ്വഹണമെന്നതിനോട് നീതി പുലർത്തിട്ടെല്ലന്ന തോന്നലുകൾ ബാക്കിയാക്കിയുള്ള വിധി. തർക്കഭൂമിയുടെ തർക്കം അവസാനി പ്പിച്ചു. തർക്കപരിഹാരമെന്നതിലൂടെ പരോമന്നത നീതിപീഠം പക്ഷേ മുഗൾ ചക്രവർത്തി ബാബറെ ക്ഷേത്ര ഭഞ്ജകനെന്ന ബ്രാക്കറ്റിൽ തന്നെ നിറുത്തി കൊടുത്തു. ഇത് ഹിന്ദുത്വ പ്രയോക്താക്കളെ സംതൃപ്തരാക്കാതിരുന്നിട്ടുണ്ടാകില്ല
മന്ദിർ നിർമ്മാണ ട്രസ്റ്റ്
കോടതി വിധി മുസ്ലീം കക്ഷികളെ കൈവിടരുതല്ലോ. അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന് യുപി സർക്കാരിന് സുപ്രീംകോടതി നിർദ്ദേശവും. മസ്ജിദ് – മന്ദിർ തർക്കത്തിലെ മുസ്ലീം കക്ഷികൾക്ക് അഞ്ചേക്കർ ഔദാര്യവും! മസ്ജിദ് തകർക്കപ്പെട്ടിടത്ത് രാമക്ഷേത്രം നിർമ്മിക്കപ്പെടണ മെന്നതിനുവേണ്ട ഒത്താശകളും വിധിയിലിടംപിടിച്ചു.
മന്ദിർ നിർമ്മാണത്തിനായ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് എന്ന നിർദ്ദേശവും! 2020 ഫെബ്രുവരിയിൽ ട്രസ്റ്റ് രൂപീകരണവും. മന്ദിർ നിർമ്മാണ ട്രസ്റ്റിൽ രാജ്യത്തെ പ്രധാനമന്ത്രിക്കെന്ത് കാര്യമെന്ന സംശയത്തിന് ഉത്തരമുണ്ടായില്ല!
2020 ആഗസ്ത് അഞ്ചിന് ട്രസ്റ്റിന്റെ മുൻകയ്യിൽ മോദിയുടെ കാർമ്മികത്വത്തിൽ മസ്ജിദ് സ്ഥിതിചെയ്തിരുന്നിടത്ത് രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങ് കെങ്കേമമാക്കപ്പെട്ടു! ഇന്ത്യൻ ജനാധിപത്യ – മതേതരത്വത്തിന്റെ തറക്കല്ല് പൊളിച്ച് ഹിന്ദുത്വയുടെ തറക്കല്ലിടൽ ചടങ്ങ്.
രഥയാത്ര നടത്തി അയോദ്ധ്യ മസ്ജിദ് പൊളിക്കുന്നതിന് നേതൃത്വം നൽകിയ ലാൽ കൃഷ്ണ അദ്വാനിയുൾപ്പെടെയുള്ളവർക്ക് രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ സന്നിഹിതരാകാനാകിയില്ല. ഇത് കാലത്തിന്റെ കളിവിളയാട്ടം! അധികാര രാഷ്ടീയം ഉന്നംവച്ച് ഇന്ത്യൻ ജനാധിപത്യ – മതേതരത്വത്തിനുമേൽ ഹിന്ദുത്വയെ അവരോധിച്ച അദ്വാനിക്ക് കാലം കരുതിവച്ച ‘ശിക്ഷ’യാകാം രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ നിന്ന് മാറ്റിനിറുത്തപ്പെടൽ.
സംസ്കൃതിയെ തകർത്ത് ഹിന്ദുത്വ
ഇന്ത്യൻ നീതിന്യായ മണ്ഡലത്തിന്റെ ദയാവായ്പിലാണ് മസ്ജിദ് ഭൂമി രാമ ജന്മഭൂമിയായത്. ഇങ്ങനെ ലഭ്യമാക്കപ്പെട്ടിടത്തെ രാമക്ഷേത്ര തറക്കല്ലിടലും ഇപ്പോഴിതാ പ്രതിഷ്ഠാപനവും. ലോകത്തിലെ ഏറ്റവും സമ്പന്നമായ ചരിത്രംപേറുന്ന ഇന്ത്യ. ജാതി – മത – വർണ – ഭാഷ വ്യതിരിക്തതകൾ.
എങ്കിലും നാനത്വത്തിൽ ഏകത്വത്തിൻ്റെ ശ്രേഷ്ഠത. മാനവസമൂഹത്തിന് അഹിംസയുടെ, സഹിഷ്ണതയുടെ, സഹോദര്യത്തിൻ്റെ, ഐക്യത്തിൻ്റെ സ്നേഹസന്ദേശം പകർന്നുനൽകിയ രാജ്യം.
രാജ്യത്തിൻ്റെ പവിത്രമായ മഹദ് പാരമ്പര്യങ്ങളെ തമസ്ക്കരിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രതികൂട്ടിലാക്കി ഹിന്ദുത്വ രാഷ്ട്രീയത്തിൽ ഊതിക്കാ ച്ചിയെടുത്ത ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്നതിലേക്കുള്ള മുഖ്യ മുതൽക്കൂട്ടെന്ന നിലയിലാണ് അയോദ്ധ്യ ക്ഷേത്രമുയരുന്നത്.
ഇത് രാജ്യത്തിന്റെ ദീർഘകാല രാഷ്ടീയ അധികാരവാഴ്ച്ചയ്ക്കുള്ള ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ സ്ഥിരം നിക്ഷേപമായിമാറുമെന്ന പ്രതീക്ഷയിലാണ് സംഘപരിവാർ. അയോദ്ധ്യ രാമക്ഷേത്രം. ഈ പ്രതീക്ഷ അസ്ഥാനത്താകുമെന്നത് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും.
തികഞ്ഞ സാമൂഹിക സൗഹാർദ്ദം. സാമ്പത്തിക നീതി. രാഷ്ട്രീയ സ്വാതന്ത്ര്യം. ഇതാണ് ഗാന്ധിയൻ രാമരാജ്യ ദർശനത്തിൻ്റെ അടിസ്ഥാനം.
“ഞാനുദ്ദേശിക്കുന്ന രാമരാജ്യം. എനിക്ക് റാമും റഹീമും ഒന്നുതന്നെയാണ്. സത്യത്തിന്റെയും നീതിയുടെയും ഒരേയൊരു ദൈവമല്ലാതെ മറ്റൊരു ദൈവത്തെയും ഞാൻ അംഗീകരിക്കുന്നില്ല”, ഇത് ഗാന്ധിയുടെ വാക്കുകൾ (1929 ‘യംഗ് ഇന്ത്യ’).
രാഷ്ട്രപിതാവിൻ്റെ രാമരാജ്യ ദർശനം ഹിന്ദുത്വ പ്രത്യയശാസ്ത്രത്താൽ അപ്പാടെ തൂത്തെറിയപ്പെട്ട് മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം കെട്ടിപൊക്കുമ്പോൾ രാജ്യത്തിൻ്റെ സമ്പന്നമാർന്ന സംസ്കൃതി തകർന്നടിയുന്നുവെന്നത് തീർത്തും ഖേദകരം.