കൊച്ചി, ജനുവരി 21, 2024: ദേശീയ ഒക്ക്യുപ്പെഷണൽ തെറാപ്പി അസോസിയേഷന്റെ (AIOTA) അറുപത്തിയൊന്നാം വാർഷികസമ്മേളനം കൊച്ചിയിൽ സമാപിച്ചു. കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന തൃദിനസമ്മേളനം കേരള ഒക്ക്യുപ്പെഷണൽ തെറാപ്പി അസോസിയേഷനാണ് സംഘടിപ്പിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിക്കേഷൻ ആൻഡ് റീഹാബിലിട്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു ആയിരുന്നു സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. അടുത്ത വർഷത്തെ സമ്മേളനവേദിയായി ഗോവ തെരെഞ്ഞെടുക്കപ്പെട്ടു.
300 ഡോക്ടർമാരും പതിനഞ്ചിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട 20 വിശിഷ്ട വ്യക്തികൾ സെഷനുകൾ അവതരിപ്പിച്ചു. 30 ഗവേഷക പ്രബന്ധങ്ങളും നിരവധി വിദ്യാർത്ഥികളുടെ പോസ്റ്റർ പ്രസേന്റെഷനും നടന്നു.
കേരള ലോകയുക്താ അധ്യക്ഷനും മുൻ സുപ്രീംകോടതി ജസ്റ്റിസുമായ സിറിയാക്ക് ജോസഫ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സൗജന്യ ഭിന്നശേഷി പരിശോധനയും മാതാപിതാക്കൾക്കുള്ള പരിശീലനക്ളാസുകളും ശ്രദ്ധേയമായി. “ചിറക്” എന്ന പേരിൽ നടത്തിയ പരിപാടി തൃക്കാക്കര എം.എൽ.എ ഉമ തോമസ് ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഒക്ക്യുപ്പെഷണൽ തെറാപ്പിയുടെ സാദ്ധ്യതകൾ ചർച്ച ചെയ്ത ആദ്യദിവസത്തെ സെഷൻ എറണാകുളം എംപി ഹൈബി ഈഡനാണ് ഉദ്ഘാടനം ചെയ്തത്.
“ചിറക്” പദ്ധതിയിൽ 74 കുട്ടികളാണ് പങ്കെടുത്തത്. ഓട്ടിസം സ്പെക്ടർ ഡിസോർഡർ, പഠനവൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം, സെറിബ്രാൾ പാൽസി, കാഴ്ചക്കുറവ് എന്നിവയാണ് മിക്ക കുട്ടികളിൽ കണ്ടെത്തിയത്. ആവശ്യമുള്ള കുട്ടികൾക്ക് അടുത്ത ഒരു വർഷത്തേക്ക് ഓരോ മാസവും ഓരോ സൗജന്യ ചികിത്സാസെഷനുകൾ നൽകും.
സമ്മേളനത്തിന് അനുബന്ധമായി പതിനഞ്ചിലേറെ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും നടന്നു. മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കും കലാപരിപാടികൾക്കുമുള്ള സമ്മാനങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്തു. മികച്ച തെരുവുനാടകം, ഹൃസ്വചിത്രം എന്നിവയ്ക്കും പുരസ്കാരങ്ങൾ നൽകി.
AIOTA പ്രസിഡന്റ് ഡോ. അനിൽ കുമാർ ശ്രീവാസ്തവ, വൈസ് പ്രസിഡന്റ് ഡോ. എസ്കെ മീന, ട്രഷറർ ഡോ. പ്രതിഭ മിലിൻഡ് വൈദ്യ, എക്സിക്യൂട്ടീവ് സമിതിയംഗം രാജ്കുമാർ ശർമ, മറ്റ് അംഗങ്ങളായ ഡോ. അമിതാഭ് കിഷോർ ദ്വിവേദി, ഡോ. എം. അരുൺകുമാർ, ഡോ. എസ് മുരളി കൃഷ്ണൻ, ഡോ. പുനിതാ വി സോളങ്കി, സയന്റിഫിക് സമിതി ചെയർമാൻ ഡോ. ശരിഹർഷ് ജഹാഗിർധർ, ACOT ഡീന് ഡോ. ജ്യോതിക ബിജ്ലാനി, സമ്മേളന കോർഡിനേറ്റർ ഡോ. ലക്ഷ്മണൻ സേതുരാമൻ എന്നിവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു