ചിറ്റാരിക്കാൽ: പോക്സോകേസിലെ അതിജീവിതയുടെ പിതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോൾ വന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ജയിലിൽ കഴിയുന്ന പ്രതി അതിജീവിതയുടെ പിതാവിനെ രണ്ടു തവണയാണ് വിളിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമ്പോൾ മൊഴി മാറ്റണമെന്നായിരുന്നു ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ചിറ്റാരിക്കാൽ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി ഇൻസമാമുൽ ഹഖാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ഫോണിലൂടെ പലതവണ അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. 2022 ലാണ് ചിറ്റാരിക്കാൽ പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്ക് പിന്നീട് കാസർകോട് സെഷൻസ് കോടതി 62 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇൻസമാമുൽ ഹഖിനെതിരെ കേസ് റജിസ്റ്റർ ചെയ്തു.
ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീടിന്റെ നിർമാണ ജോലിക്കെത്തിയ പ്രതി, ആളില്ലാത്ത തക്കം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ പീഡനത്തിനിരയായതായി മൊഴിനൽകിയത്. തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈക്കോടതിയിൽ നൽകുന്ന അപ്പീലിൽ അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് ഇരയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു